വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തമ്മിലടിയും ; ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത ആ 15300 ലിറ്റര്‍ പാല്‍ ഇന്ന് നശിപ്പിക്കും
ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തമ്മിലടിയും കാരണം ഉപയോഗ ശൂന്യമായ 15300 ലിറ്റര്‍ പാല്‍ ഇന്ന് നശിപ്പിക്കും. മായംചേര്‍ക്കല്‍ കുറ്റത്തിന് കേസെടുത്തിട്ടില്ലാത്തതിനാല്‍ നടപടികള്‍ ഇതോടെ അവസാനിക്കാനാണ് സാധ്യത. തെന്മല പൊലീസ് സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സൂക്ഷിച്ചിരുന്ന പാല്‍ ഇന്നലെ ക്ഷീര വികസന വകുപ്പിന് കൈമാറിയിരുന്നു. ആലപ്പുഴ അഗ്രിസോഫ്ട് മില്‍ക്ക്‌സ് ഉടമസ്ഥന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പാല്‍ ക്ഷീര വികസന വകുപ്പിന് കൈമാറി നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്യായമായി ടാങ്കര്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇദ്ദേഹം ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഒരു കേസും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പിന് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പാല്‍ പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിച്ച് ടാങ്കര്‍ ഉടമയ്ക്ക് കൈമാറണമെന്നാണ് കോടതി ഉത്തരവ്. 11ാം തീയതി രാവിലെ 5 മണിക്കാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വച്ച് തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പാലുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ടാങ്കര്‍ കൈമാറുകയുമായിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്താനായതുമില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായത്.