1000 വര്‍ഷം പഴക്കമുള്ള പ്രതിമയ്ക്കകത്ത് ഒരു സന്യാസിയുടെ മൃത ശരീരം

ബുദ്ധന്റെ പ്രതിമയില്‍ മമ്മിഫൈ ചെയ്ത നിലയില്‍ ഒരു സന്യാസിയുടെ മൃതദേഹം. ഏകദേശം ആയിരം വര്‍ഷമാണ് ഇതിന്റെ പഴക്കം. വളരെ പഴക്കം ചെന്ന പ്രതിമ ഒന്ന് നന്നാക്കിയെടുക്കാനായി നെതര്‍ലന്‍ഡ്സിലെ ഡ്രെന്റ്‌സ് മ്യൂസിയത്തിലേക്ക് അയച്ചപ്പോഴാണ് ഉള്ളില്‍ സന്യാസിയെ കണ്ടെത്തിയത്. ആ സമയം പ്രതിമയുടെ സിടി സ്‌കാന്‍ എടുക്കുകയുമുണ്ടായി. അതിന്റെ ഫലം കണ്ടപ്പോള്‍ ആണ്  ഒരു മനുഷ്യന്റെ അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍, കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ സന്യാസിയുടെ അവയവങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ് എന്നും അതിന് പകരം ചൈനീസ് ലിഖിതങ്ങളടങ്ങിയ കടലാസുകള്‍ വച്ചിരിക്കുകയാണ് എന്നും ഗവേഷകര്‍ കണ്ടെത്തി. ‘ഇതിനകത്ത് ലങ് ടിഷ്യൂ അയിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ, പകരം ചൈനീസ് അക്ഷരങ്ങള്‍ എഴുതിയ ചെറിയ കടലാസുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്’ എന്നാണ് ഡ്രെന്റ്‌സ് മ്യൂസിയത്തിലെ പുരാവസ്തു ക്യൂറേറ്ററായ വിന്‍സെന്റ് വാന്‍ വില്‍സ്റ്റെറന്‍ പറഞ്ഞത്.

ചൈനീസ് മെഡിറ്റേഷന്‍ സ്‌കൂളിലെ ബുദ്ധിസ്റ്റ് മാസ്റ്ററായിരുന്ന ലിയുക്വാന്‍ ആയിരുന്നു ആ സന്യാസിയെന്നാണ് പ്രാഥമിക അനുമാനം. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സന്യാസിയായിരുന്നു ലിയുക്വാന്‍. മ്യൂസിയത്തില്‍ നിന്നുള്ള വിദ?ഗ്ദ്ധര്‍ പറയുന്നത്, ഒരുപക്ഷേ ലിയുക്വാന്‍ ജീവിച്ചിരിക്കുന്ന ഒരു ബുദ്ധനായി മാറുന്നതിന് വേണ്ടി സ്വയം തന്നെ പ്രതിമയ്ക്കകത്ത് കയറി ഇരുന്നതായിരിക്കാം എന്നാണ്. അതുപോലെ ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് വേണ്ടി ധാന്യങ്ങളോ മറ്റോ ആയിരിക്കാം കഴിച്ചിരുന്നിരിക്കുക എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ജീവനോടെ പ്രതിമയ്ക്കുള്ളില്‍ കയറിയിരുന്നതിന് ശേഷം ശ്വസിക്കുന്നതിന് വേണ്ടി ലിയുക്വാന്‍ പുറത്തേക്ക് ഒരു മുളയുടെ തണ്ട് ഇട്ടിരിക്കാം എന്നായിരുന്നു മറ്റൊരു അനുമാനം. ഏതായാലും ഈ മമ്മി എവിടെ നിന്ന് വന്നു എന്നോ, ശരിക്കും എങ്ങനെ ഇത് സംഭവിച്ചു എന്നോ ഒന്നുമുള്ള പൂര്‍ണമായ അനുമാനത്തില്‍ ഇനിയും ഗവേഷണസംഘം എത്തിയിട്ടില്ല. അതില്‍ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ഡിഎന്‍എ റിസല്‍റ്റിനു വേണ്ടി കാത്തിരിക്കുകയാണ് സംഘം.