ടിക്ടോക്കില്‍ വീണ്ടും മരണക്കളി ; ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു

ടിക്ടോക്കില്‍ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ലൈവ് സ്ട്രീമില്‍ അവതരിപ്പിക്കുന്നതിനിടയില്‍ 12 -കാരി ശ്വാസം മുട്ടി മരിച്ചു. അര്‍ജന്റീനയില്‍ നിന്നുള്ള മിലാഗ്രോസ് സോട്ടോ എന്ന 12 വയസ്സുകാരിക്കാണ് മരണക്കളിയില്‍ പെട്ട് തന്റെ ജീവന്‍ നഷ്ടമായത്. ടിക് ടോക്ക് ‘ചോക്കിംഗ് ചലഞ്ച്’ പരീക്ഷിച്ച് ആണ് കുട്ടി മരണപ്പെട്ടത്. ജനുവരി 13 വെള്ളിയാഴ്ചയാണ് ദുരന്തം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് വീടിനു പുറത്ത് എവിടെയും സോട്ടോയെ കാണാത്തതിനെ തുടര്‍ന്ന് അവളുടെ കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ കഴുത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ നിശ്ചലയായി പെണ്‍കുട്ടി നിലത്ത് കിടക്കുന്നത് കണ്ടത്. പിതാവ് പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രണ്ടുതവണ വിജയകരമായി വെല്ലുവിളി പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി മൂന്നാമതും ചലഞ്ച് ഏറ്റെടുത്ത് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴുത്തില്‍ കുരുക്ക് നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും വാട്‌സ്ആപ്പ് വഴി കിട്ടിയ ഒരു ലിങ്ക് വഴിയാണ് സോട്ടോ ചലഞ്ച് ഏറ്റെടുത്തതെന്നും വീണ്ടും വീണ്ടും ചലഞ്ച് ഏറ്റെടുത്ത് ചെയ്യാന്‍ അവളെ മറ്റാരോ പ്രേരിപ്പിച്ചിരുന്നതായും സോട്ടോയുടെ അമ്മ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വയം കഴുത്തില്‍ കുരുക്ക് മുറുക്കി ശ്വാസംമുട്ടിക്കുന്ന ഏറെ അപകടകരമായ ഈ മരണക്കളി ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ എന്നും അറിയപ്പെടാറുണ്ട്. ടിക്ടോക്കില്‍ ഏറെ വൈറലായ ഈ മരണക്കളിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇത് ഏറ്റെടുത്ത് ചെയ്യുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2021 പകുതി മുതല്‍ പ്രചാരത്തിലുള്ള ചലഞ്ച് ഏറ്റെടുത്ത് ചെയ്തതിലൂടെ ഇതിനോടകം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഡെയിലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക്ക് ആപ്പിന് ലോകത്തില്‍ ഇപ്പോഴും ഏറെ ആരധകരാണ് ഉള്ളത്.