ഗുജറാത്ത് കലാപത്തിനെ കുറിച്ച് ഡോക്യുമെന്ററി : വിശദീകരണവുമായി ബിബിസി
രാജ്യത്തിന്റെ ചരിത്രത്തില്‍ തീരാ കളങ്കമായി മാറിയ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ ഇന്ത്യയോട് നിലപാട് തേടിയിരുന്നെന്നാണ് ബിബിസിയുടെ വിശദീകരണം. സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് പറയാന്‍ തയാറായില്ല. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്നും ബിബിസി പറയുന്നു. ബിബിസി തയാറാക്കിയ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വിശദമായ ഗവേഷങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഡോക്യുമെന്ററി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയാകുകയായിരുന്നു. ബ്രിട്ടീഷ് എംപി ഇമ്രാന് ഖുസൈനാണ് ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ആരാഞ്ഞത്. ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ചിരിക്കുന്നത്.
ഡോക്യുമെന്ററി വിവാദത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി ഒരു പ്രചരണവസ്തു മാത്രമാണെന്നും ഡോക്യുമെന്ററി കൊളോണിയല്‍ മനോഭാവമാണ് തെളിയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്യുമെന്ററിയുടെ ഉള്ളടക്കം കൃത്യമായി പക്ഷപാതിത്വപരമാണെന്നും വ്സ്തുനിഷ്ഠതയില്ലാത്ത സമീപനമാണ് ബിബിസി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ദിരാഗാന്ധി വധത്തിനുശേഷം ഖാലിസ്ഥാന്‍വാദികളുടെ പ്രതികരണം രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചത്.
എന്നാല്‍ വസ്തുനിഷ്ഠതയില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും കലാപത്തിന്റെ ഇരകളുടേയും സാക്ഷികളുടേയും വിദഗ്ധരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടേയും അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബിബിസിയുടെ വാദം. കേന്ദ്രസര്‍ക്കാരിന് പ്രതികരിക്കാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറല്ലെന്ന് അറിയിക്കുകയുമായിരുന്നെന്ന് ബിബിസി വ്യക്തമാക്കി.
2002-ല്‍ ഗുജറാത്തില്‍ നടന്ന ഒരു ഹിന്ദു-മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് മുസ്ലീം വംശ ഹത്യ. അഹമദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രെസില്‍ അയോദ്ധ്യാ സന്ദര്‍ശനത്തിനു ശേഷം മടങ്ങി പോയ്ക്കൊണ്ടിരുന്ന കാര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര് കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കല്‍ കേസിനെ തുടര്‍ന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. എന്നാല്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലര്‍ വാദിക്കുന്നു. കലാപങ്ങളില്‍ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.
എന്നാല്‍ ഈ കലാപത്തില്‍ ഏതാണ്ട് 2000 നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കൊലപാതകങ്ങള്‍ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തില്‍ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നല്‍കിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കി. കൂടാതെ, കലാപം തടയാന്‍ ഗുജറാത്ത് സര്‍ക്കാര്‍ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷന് നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിര്‍ണ്ണായകമായ തെളിവുകള്‍ ഒളിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നു വന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ചിരുന്ന ഒരു ഹര്‍ജിയും കോടതി തള്ളി.