മോസ്‌കോ ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി ; വിമാനം ഉസ്ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു
മോസ്‌കോ ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി. റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട റഷ്യയുടെ അസുര്‍ എയറിന്റെ AZV2463 എന്ന വിമാനത്തിനാണ് ബോംബ് ഭീക്ഷണി ലഭിച്ചത്. അസുര്‍ എയറിന് മോസ്‌കോ-ഗോവ റൂട്ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ സുരക്ഷാ ഭീക്ഷണിയാണ്. ഇന്ന് പുലര്‍ച്ചെയാണ് അസുര്‍ എയറിന്റെ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഗോവ ദബോലിമിലെ എയര്‍പോര്‍ട്ട് ഡയറക്ടരുടെ ഓഫീസിലേക്ക് ഇമെയില്‍ ലഭിച്ചത്. ഇന്ത്യയുടെ വിമാന അതിര്‍ത്തിയിലേക്ക് വിമാനം എത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇത്തരത്തിലുലൊരു ബോംബ് ഭീക്ഷണി വിമാനത്തിന് ലഭിക്കുന്നത്. ആ സമയത്ത് വിമാനം പാകിസ്താന്റെ വ്യോമയാന അതിര്‍ത്തിക്ക് ഉള്ളിലായിരുന്നു.
തുടര്‍ന്ന് പൈലറ്റ് ഉസ്ബെക്കിസ്താനിലേക്ക് വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാന് സമീപമാണ് വിമാനം ഇറക്കിയത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 238 യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം വിമാനത്തെ തിരികെ ഗോവയിലേക്ക് എത്തിക്കും.കഴിഞ്ഞ ജനുവരി ഒമ്പതിനും അസൂര്‍ എയര്‍ലൈന്‍സിന് ബോംബ് ഭീക്ഷണി ലഭിച്ചിരുന്നു. അന്ന് റഷ്യയിലെ അസൂര്‍ എയര്‍ ഓഫീസിലാണ് ബോംബ് ഭീഷണിയുടെ ഇമെയില്‍ ലഭിച്ചത്. തുടര്‍ന്ന് മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പോയ വിമാനത്തെ അടിയന്തിരമായി ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.