ഇലന്തൂര്‍ നരബലി ; ഒരു കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കേരളം ഞെട്ടിയ ഇലന്തൂര്‍ ഇരട്ട നരബലിയില്‍ ഒരു കൊലപാതക കേസില്‍ കൂടി കുറ്റപത്രം സമര്‍പ്പിച്ചു. റോസ്ലിയുടെ കേസില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുറ്റത്തിന് പുറമെ മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളും മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തി. ഇരട്ട നരബലി കേസില്‍ വിചാരണക്കായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു. പദ്മ കൊലക്കേസിന് പിന്നാലെയാണ് റോസ്ലി കൊലക്കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളിയെ നടുക്കിയ നരബലി കേസില്‍ അന്വേഷണവിവരങ്ങള്‍ കുറ്റപത്രമാകുമ്പോള്‍ ഇരട്ട നരബലി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് അന്വേഷണ സംഘം കേസിനെ വിശേഷിപ്പിക്കുന്നത്. കൊലപാതകം, മോഷണം, എന്നിവക്ക് പുറമെ കൂട്ടബലാത്സംഗം, നരബലി, മനുഷ്യമാംസം പാകം ചെയ്ത് കഴിക്കല്‍ തുടങ്ങിയ കൃത്യങ്ങളില്‍ കൂടി തെളിവ് നിരത്തുന്നു.
മുഹമ്മദ് ഷാഫി, ഭഗവത്സിംഗ്, ഭാര്യ ലൈല എന്നിവരാണ് പ്രതികള്‍. പരാതി ശക്തമല്ലാത്തത് കൊണ്ടാണ് റോസ്ലിയെ കാണാതായ കേസില്‍ അന്വേഷണം തുടക്കത്തില്‍ വേഗത്തില്‍ മുന്നോട്ട് പോകാതിരുന്നതെന്നും എറണാകുളം റൂറല്‍ എസ്പി വ്യക്തമാക്കി. ദൃക്സാക്ഷികളില്ലത്ത കൊലപാതകത്തിന് എന്നാല്‍ മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 130 ലധികം രേഖകളും, അന്‍പതോളം തൊണ്ടി മുതലുകളും, 200 ലധികം സാക്ഷി മൊഴികളുമുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി എന്നതിനൊപ്പം മനുഷ്യമാംസം വില്പന നടത്താമെന്നും ഷാഫി ഭഗവത്സിംഗിനെയും ലൈലയെും വിശ്വസിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന് ബലമേകുന്നതാണ്. ജിഷ കേസിലും കൂടത്തായി കേസിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എന്‍.കെ ഉണ്ണികൃഷ്ണനെയാണ് ഇരട്ട നരബലി കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ കോടതിയിലാണ് റോസ്ലി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ രണ്ട് കോടതിയിലാണ് കുറ്റപത്രം നല്‍കിയതെങ്കിലും വിചാരണ തുടങ്ങുമ്പോള്‍ കേസ് ഒറ്റ കോടതിയിലേക്ക് മാറ്റാനും പ്രോസിക്യൂഷന് അപേക്ഷ നല്‍കും.