മദ്യപ സംഘം മര്‍ദിച്ചതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി
മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് അജയകുമാര്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പതിനെട്ടാം തിയ്യതി ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല.
പിറ്റേന്ന് രാത്രിയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. പ്രദേശത്ത് സ്ഥലം വീങ്ങി വീടുവെച്ച് കഴിയുകയായിരുന്നു അജയകുമാറി്‌നറെ കുടുംബം. മര്‍ദ്ദനമേറ്റതിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ശരീരത്തിലാകെ പരിക്കേറ്റ നിലയിലാണ് അന്ന് അജയകുമാര്‍ വീട്ടിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. പിറ്റേദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആരൊക്കെയാണ് അജയകുമാറിനെ മര്‍ദ്ദിച്ചതെന്നതില്‍ വ്യക്തതയില്ല. അജയകുമാറിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് ചടയംമംഗലം പൊലീസ് പറയുന്നത്. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടന്ന് വരികയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.