ഐ പി എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാര്‍ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനര്‍നാമകരണം ചെയ്യുകയും നോണ്‍-ഫംഗബിള്‍ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ 4 മണിയോടെയാണ് ആര്‍സിബിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആര്‍സിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ആര്‍സിബി അറിയിച്ചു.

‘ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളുമായി ബന്ധമില്ല, ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ട്വിറ്റര്‍ സപ്പോര്‍ട്ട് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ഉടന്‍ മടങ്ങിയെത്തും’- RCB ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു. 2009-ല്‍ സൃഷ്ടിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ട്വിറ്റര്‍ അക്കൗണ്ടിന് 6.4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2021 സെപ്റ്റംബറില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.