ആരാണ് ഈ ഷാരൂഖ് ഖാന്‍ ? വിവാദങ്ങള്‍ക്കിടെ ചോദ്യവുമായി അസം മുഖ്യമന്ത്രി

ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ രംഗത്ത്. ആരാണ് ഈ ഷാരൂഖ് ഖാന്‍? അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് എനിക്കറിയില്ല. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധമുണ്ടാകാറുണ്ട്. പക്ഷേ ഇതുവരെ ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിക്കുന്നുണ്ടെങ്കിലും ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ വിഷയം പരിശോധിക്കും. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും കേസെടുക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ അസാമീസ് ചിത്രം ഡോ. ബെസ്ബറുവ ഭാഗം 2 ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. എല്ലാവരും അത് കാണണമെന്നും മാധ്യമപ്രവര്‍ത്തകരോട് അസം മുഖ്യമന്ത്രി പ്രതികരിച്ചു. സിനിമകളെപ്പറ്റി അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിലര്‍ സിനിമകളെപ്പറ്റി അനാവശ്യ പ്രസ്താവനകള്‍ നടത്തുകയാണ്. അതാണ് പിന്നെ ചാനലുകളിലൊക്കെ കാണുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഷാരൂഖും ദീപിക പദുക്കോണും ഒരുമിച്ച പത്താന്‍ സിനിമയ്ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണാഹ്വാനത്തിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

പത്താന്‍ സിനിമയ്ക്കെതിരെ നിരവധി ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിലെ ഗാനരംഗത്തില്‍ ദീപിക കാവി നിറമുള്ള വസ്ത്രം അണിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പിന്നീട്, പുറത്തിറങ്ങാത്ത സിനിമയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന സീനുകളുണ്ടെന്ന ആരോപണമായി. ഈ സീനുകള്‍ മാറ്റിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നരോട്ടം മിശ്ര ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മോദിയുടെ പ്രസ്താവന വന്നത്.