മോദിക്ക് എതിരെയുള്ള ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ച് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍

രാജ്യത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പരസ്യമായി പ്രൊജക്റ്റര്‍ വെച്ച് പ്രദര്‍ശിപ്പിച്ച് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് സര്‍വകലാശാലയില്‍ പ്രദര്‍ശനമൊരുക്കിയത്. ബിബിസിയുടെ ഡോക്യുമെന്ററിയെ അധിക്ഷേപിക്കാനും വിലക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെതിരെയുളള മുന്നറിയിപ്പെന്ന നിലയിലാണ് പ്രദര്‍ശനമൊരുക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഏകദേശം 200 ഓളം വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണാനെത്തിയിരുന്നു.

ബിബിസി ഡോക്യുമെന്ററിയുടെ സോഷ്യല്‍മീഡിയ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. യൂട്യൂബിനും ട്വിറ്ററിനുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. യുട്യൂബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്.

യാഥാര്‍ത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.’21 വര്‍ഷത്തിനിപ്പുറവും 2022 ലെ കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ നരേന്ദ്രമോദിക്ക് ഭയമുണ്ട്. കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്, ഇതിലൂടെ മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.’ എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംഭവത്തില്‍ നരേന്ദ്രമോദിയെ പ്രതിരോധിച്ച് രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സെക്രട്ടറി ആഷിഷ് ദുവയും രംഗത്തെത്തിയിരുന്നു. ‘ഋഷി സുനക് ഗുജറാത്തിനെക്കുറിച്ചുള്ള ‘കൃത്യമായി ഗവേഷണം നടത്തിയ’ ബിബിസി ഡോക്യുമെന്ററി കണ്ടിട്ടുണ്ടോയെന്ന് ആഷിഷ് ദുവ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ‘ബിജെപി സര്‍ക്കാര്‍ എത്രമാത്രം സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും, ലോകം മോദിയെ കാണുന്നത് അദ്ദേഹം യഥാര്‍ത്ഥത്തില്‍ എന്താണ്, അതുപോലെ തന്നെയാണ്.’ എന്നായിരുന്നു ഷമ ട്വീറ്റ് ചെയ്തത്.

ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യൂമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.