കൊല്ലപ്പെട്ട പിഎഫ്ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് ; ലിസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളും
കൊല്ലപ്പെട്ട പിഎഫ്ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച് മാസം മുമ്പ് 2022 ഏപ്രില്‍ 15 നാണ് എലപ്പുള്ളിയിലെ സുബൈര്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ് ലഭിച്ചിരിക്കുകയാണ്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയരുകയും മുസ്ലീം ലീഗ് നേതാക്കള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയുമുണ്ടായി.കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാല്‍ മതിയോ എന്ന് പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ആരെയെങ്കിലും രക്ഷിക്കാനുള്ള പരിപാടിയാണോ ഇതെന്നും ലീഗ് ഗൗരവമായി ഇതിനെ കാണുന്നെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കാമെന്നാണോ? പിഎഫ്‌ഐയെ മുന്‍നിരയില്‍ നിന്ന് എതിര്‍ക്കുന്നവരാണ് മുസ്ലീംലീഗ്.
നിരപരാധികളെ കാര്യമില്ലാതെ ഉപദ്രവിക്കുന്നത് നോര്‍ത്ത് ഇന്ത്യന്‍ മോഡലാണ്. പൗരത്വ വിഷയവും ഇങ്ങനെ തന്നെയാണ്. തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികള്‍ക്കായി.സമരത്തിന് പോവാതെ വീട്ടിലിരുന്നവന്റെ സ്വത്തിന് മേല്‍ വന്ന് നോട്ടീസ് പതിക്കുന്നത് എന്ത് നീതിയാണ് ? ഇതിനെ ചെറിയ കാര്യമായി കാണുന്നില്ലെന്നും ലീഗിന്റെ യശസ്സിനെ ബാധിക്കുന്ന വിഷയമായി കാണുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.