പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്

പത്തനം തിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും ബിനുവിന് നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ട പോക്സോ കോടതിയുടേതാണ് നിര്‍ണായക വിധി. ഇത് പെണ്‍കുട്ടിയ്ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാം. ഒന്നിച്ച് അനുഭവിക്കുകയാണെങ്കില്‍ 80 വര്‍ഷം തടവില്‍ കഴിയേണ്ടിവരും. 2020 ലായിരുന്നു ബിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ബിനുവിന്റെ വീടിന് അടുത്താണ് പെണ്‍കുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ബിനു പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ബിനു ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്.