കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഫഹദ് ഫാസില്‍
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പിന്തുണയുമായി ഫഹദ് ഫാസില്‍. താന്‍ സമരം ചെയ്ത കുട്ടികള്‍ക്കൊപ്പമെന്ന് ഫഹദ് വ്യക്തമാക്കി. എല്ലാവരും ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ എന്നും ഫഹദ് പറഞ്ഞു. അതേസമയം ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി അധികൃതര്‍ സ്വീകരിച്ചിരുന്നു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.
അതേസമയം ജാതി വിവേചനത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടുിരുന്നു. ജാതി വിവേചനമടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ടിട്ടും അധികാരം ഒഴിയാതെ കടിച്ച് തൂങ്ങിയ ഡയറക്ടര്‍ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവില്‍ രാജിവച്ചത്. 48 ദിവസമായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ സമിതിയും നല്‍കിയതെന്ന് മനസിലാക്കിയാണ് സ്വയം ഒഴിയാന്‍ ശങ്കര്‍ മോഹന്‍ നിര്‍ബന്ധിതനായത്.
എന്നാല്‍ രാജി പ്രഖ്യാപിച്ച ശേഷവും സ്വയം ന്യായീകരിക്കുകയായിരുന്നു ശങ്കര്‍ മോഹന്‍. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
ശങ്കര്‍ മോഹന് പിന്നാലെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജിവെക്കുമെന്നാണ് സൂചന. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാര്‍ഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കര്‍ മോഹനെ സംരക്ഷിച്ചത് അടുരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അടൂരിന് എതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു.എന്നാല്‍ അടൂരിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്.