മലയാള സിനിമ ലോകത്ത് ഏറെ പിടിപാടുള്ള യുവാവ് 20 കോടിയുടെ നിക്ഷേപതട്ടിപ്പ് കേസില്‍ പിടിയില്‍

മലയാള സിനിമയിലെ യുവ താരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹിം പണതട്ടിപ്പ് കേസില്‍ പിടിയില്‍. ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സിഐ ലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസത്തിന്റെ മറവിലും ഇയാള്‍ തട്ടിപ്പു നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് പ്രതിമാസം ആകര്‍ഷകമായ റിട്ടേണ്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ലാഭം കിട്ടാതെയായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സ്വാതി റഹിമിന്റെ പേരില്‍ നിരവധി പരാതികളായിരുന്നു വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഉള്ളത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകളുണ്ട്. ഇതില്‍ പല കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനും സ്വാതി റഹിം ശ്രമിച്ചിരുന്നു.

വിലകുറഞ്ഞ ഇലക്രോണിക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലേലം വിളിച്ച് ആപ്പ് വഴി വില്‍ക്കുന്ന പരിപാടിയാണ് ഇയാള്‍ ആദ്യം തുടങ്ങിയത്. 2020 ല്‍ കോവിഡ് കാലത്ത് ഈ സംരഭം പരാജയപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചാണ് ഇയാള്‍ ആപ്പ് തുടങ്ങിയത്. പരസ്യത്തിനായി വന്‍തുകകള്‍ മുടക്കി. നടന്‍ ജയസൂര്യയായിരുന്നു പ്രധാന ബ്രാന്‍ഡ് അംബാസഡര്‍. ജയസൂര്യയ്ക്ക് സ്വാതി റഹിം രണ്ടു കോടി രൂപ നല്‍കാനുണ്ടെന്നും പറയുന്നു. മഞ്ജുവാര്യര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാള്‍ നിക്ഷേപകരുടെ വിശ്വാസം നേടി.

നിരവധി സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് പരിപാടി ഇയാള്‍ തൃശൂരില്‍ സംഘടിപ്പിച്ചിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ പരിപാടിയിലൂടെ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങള്‍ക്ക് സമ്മാനമായി നല്‍കിയ ഐഫോണുകള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.