അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു
അമ്പലപ്പുഴ കാക്കാഴം മേല്പാലത്തില് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ച നാല് പേര് തിരുവനന്തപുരം സ്വദേശികളും ഒരാള്‍ കൊല്ലം സ്വദേശിയുമാണ്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24), സച്ചിന്, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. ഐ.എസ്.ആര്.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍നിന്ന് പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കള്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തില്‍ ലോറി ഡ്രൈാവറും സഹായിയും പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍.