പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കന്റോണ്‍മെന്റ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
നിലവില്‍ സേവ് കേരള മാര്‍ച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ.ഫിറോസിന്റെ പ്രതികരണം. അതേസമയം സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു. സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകും. സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒന്നുകൊണ്ടും പിന്മാറുന്ന പ്രശ്‌നമില്ല. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്റെ പ്രതികരണം. അതേസമയം യൂത്ത് ലീഗ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രകടമാകുന്നത്. സാധാരണ സമരങ്ങളില്‍ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്.അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.