ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ മൌണ്ട് ബാള്‍ഡിയില്‍ താഴ്വരയില്‍ ഒരാളെ കൂടി കാണാതായി
ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു സമാനമായ രീതിയില്‍ അതെ ഇടത്തു ഒരാള്‍ കൂടി മിസ്സിംഗ്. സാന്‍ഡ്‌സിനേപ്പോലെ തന്നെ കാലിഫോര്‍ണിയയിലെ മൌണ്ട് ബാള്‍ഡിയില്‍ ട്രെക്കിങ്ങിന് എത്തിയ ജിന്‍ ചുങ് എന്ന 75കാരനെയാണ് കാണാതായിരിക്കുന്നത്. ട്രെക്കിങ്ങിന് ശേഷം രണ്ട് പേരെ ഞായറാഴ്ച കാണാമെന്നായിരുന്നു 75കാരന്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഇയാളെ കാണാനെത്തിയവരാണ് ജിന്‍ ചുങ് മടങ്ങിയെത്തിയിട്ടില്ലെന്ന് മനസിലാക്കിയത്. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജനുവരി 13നാണ് ബ്രിട്ടീഷ് നടനെ ഇവിടെ കാണാതായത്. ലോസ് ആഞ്ചലസിന് വടക്ക് കിഴക്കന്‍ മേഖലയിലുള്ള സാന്‍ ഗബ്രിയേല്‍ മലനിരകളുടെ ഉയരം കൂടിയ ഭാഗത്തേക്ക് എത്തിയതായിരുന്നു ജൂലിയന്‍. രണ്ട് പേര്‍ക്കുമായുള്ള തിരച്ചില്‍ പൊലീസ് മേഖലയില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചിട്ടുള്ള തെരച്ചിലാണ് മേഖലയില്‍ പുരോഗമിക്കുന്നതെന്നാണ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദമാക്കുന്നത്. തിങ്കളാഴ്ച ജിന്‍ ചുങിനെ കാണാതായെന്ന് കരുതപ്പെടുന്ന മേഖല അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ലോസ് ഏഞ്ചലസില്‍ താമസിക്കുന്ന വ്യക്തിയാണ് ചുങ്. ഞായറാഴ്ച രാവിലെയാണ് ഇയാള്‍ പര്‍വ്വതത്തിന് സമീപത്തെത്തിയത്.
മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇവിടെത്തിയ 75കാരന്‍ പിന്നീട് വഴിതെറ്റി കൂട്ടം വിട്ട് പോവുകയായിരുന്നു. അമേരിക്കയിലെ വനം വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 10064 അടി ഉയരമുള്ളതാണ് മൌണ്ട് ബാള്‍ഡി. സാഹസിക പ്രിയരായ നിരവധിപ്പേരാണ് ഓരോ വര്‍ഷവും ഈ മേഖലയില്‍ എത്തുന്നത്. കടുത്ത കാറ്റും ഐസും നിറഞ്ഞ മേഖലയില്‍ മോശം കാലാവസ്ഥയേക്കുറിച്ചുള്ള മുന്നറിയിപ്പുള്ള സമയത്ത് പര്‍വ്വതം കീഴടക്കാനെത്തിയവരാണ് കാണാതായിട്ടുള്ളതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 1985ല്‍ ഇറങ്ങഇയ എ റൂം വിത്ത് എ വ്യൂ, 1989ല്‍ പുറത്തിറങ്ങിയ വാര്‍ലോക്ക്, 1990ല്‍ പുറത്തിറങ്ങിയ അരക്‌നോഫോബിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏറെ പ്രശസ്തനാണ് ജൂലിയന്‍ സാന്‍ഡ്‌സ്.
വെള്ളിയാഴ്ച ട്രക്കിംഗിനിടെ സാന്‍ഡ്‌സ് ഉള്‍പ്പെടെ രണ്ടുപേരെയാണ് കാണാതായത്. ഈ പര്‍വ്വത നിരയില്‍ ട്രക്കിംഗിന് എത്തുന്നവരുടെ ഇഷ്ട സ്ഥലമാണ് സാന്‍ ഗബ്രിയേലിലെ ബാള്‍ഡി ബൌള്‍. ഇവിടെ വച്ചാണ് ജൂലിയന്‍ സാന്‍ഡും സഹ യാത്രികനും കാണാതായത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ ഹിമപാതവും കാറ്റും ഉണ്ടാകുന്ന പ്രദേശമാണിത്. സാധാരണയായി ജൂലിയന്‍ സാന്‍ഡ് ഇവിടെ ട്രക്കിംഗിന് പോകാറുണ്ട്. എന്നാല്‍ വരാറുള്ള സമയം കഴിഞ്ഞും ഇദ്ദേഹത്തെ കാണാതിരുന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ കുടുംബം പരാതിയുമായി എത്തിയത് എന്ന് സാന്‍ ബെര്‍ണാര്‍ഡിനോ ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഗ്ലോറിയ ഹ്യൂര്‍ട്ടയെ ഉദ്ധരിച്ച് കെഎബിസി-ടിവി റിപ്പോര്‍ട്ട് ചെയ്തു.