സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; 3,200 ജീവനക്കാരെ പിരിച്ചുവിടാന്‍ ഫോര്‍ഡ്

വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതില്‍ ഭൂരിഭാഗവും യുഎസില്‍ നിന്നുള്ള ജീവനക്കാരായിരുന്നു. ചില സ്ഥലങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ട്. ഇത് വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കള്‍ പ്രതികരിച്ചു. മാത്രമല്ല, വൈദ്യുത വാഹന ബാറ്ററികളില്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില ഉയരുന്നതും യു.എസിലെയും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറക്കാന്‍ കൂടിയാണ് യൂ എസ് ആസ്ഥാനമായ കമ്പനിയുടെ തീരുമാനം.

എന്നാല്‍ ആഗോള തലത്തില്‍ വിവിധ കമ്പനികള്‍ ചെലവ് ചുരുക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മുന്‍നിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യ ഭയം മേഖലയില്‍ ശക്തമാകുന്നുണ്ട്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. 2023-ല്‍ ഇതുവരെ ലോകമെമ്പാടുമുള്ള 24,000-ത്തിലധികം തൊഴിലാളികളെ വിവിധ സ്ഥാപനങ്ങള്‍ പിരിച്ചുവിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങന്നതായും റിപ്പോര്‍ട്ടുണ്ട്. ട്രാവല്‍ ടെക് സ്ഥാപനമായ ഓയോയും പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്. 3700 ജീവനക്കാരാണ് ഓയോയില്‍ ഉള്ളത്. ഇതില്‍ ടെക് വിഭാഗത്തില്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിടല്‍ നടത്തിയത്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.