ഘാനക്കാരിയായ യുവതി ഇന്ത്യക്കാരനായ യുവാവിനെ വിവാഹം ചെയ്തത് മൂന്നു ഭൂഖണ്ഡങ്ങളിലായി
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പലരുടെയും സ്വപ്ന ദിനമാണ് വിവാഹദിനം. അതുകൊണ്ടുതന്നെ വിവാഹങ്ങള്‍ അടിപൊളി ആക്കുന്ന കാലം കൂടിയാണ് ഇപ്പോള്‍. അത്തരത്തിലുള്ള വ്യത്യസതമായ ഒരു വിവാഹ വാര്‍ത്തയാണ് ഇവിടെ. ആന്ധ്രാക്കരനായ ഹരീഷ് ശ്രീകര്‍ വെമുറിയും ഘാനാക്കാരിയായ ഡെയ്സി മാര്‍ട്ടെക്കി അകിതയും തമ്മിലുള്ള വിവാഹം ഇപ്പോള്‍ വൈറല്‍ ആണ്. എന്താണ് കാരണം എന്നല്ലേ അമേരിക്കയിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും. ഏതായാലും അവര്‍ ഒരു തവണയല്ല, നാലു തവണ വിവാഹിതരായി. അതും മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി.
അകിതയും വെമുറിയും ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലാണ് താമസം. വിവാഹക്കാര്യം ആലോചിച്ചപ്പോള്‍ ഇരുവരുടെയും പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്ത ചടങ്ങുകള്‍ നടത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഇന്ത്യന്‍, ഘാന കുടുംബങ്ങളോടും എല്ലാ പാരമ്പര്യങ്ങളോടും കൂടി അവരുടെ സ്വന്തം ഭക്ഷണ രീതികളുമെല്ലാം ഉള്‍പ്പെടുത്തി വിവാഹ ചടങ്ങുകള്‍ നടത്താനായിരുന്നു ശ്രമം. സമത്വമെന്ന ആശയം ജീവിതത്തില്‍ മാത്രമല്ല, വിവാഹ ചടങ്ങുകളിലും കൊണ്ടുവരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വെമുറിയും അകിതയും. എന്നാല്‍ അകിതയുടെയും വെമുറിയുടെയും ഹര്‍വാഡിലുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് ഇന്ത്യയിലേക്കും ഘാനയിലേക്കും വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ക്കായി അമേരിക്കയില്‍വെച്ച് മറ്റൊരു വിവാഹ ചടങ്ങുകള്‍ കൂടി നടത്തി. അങ്ങനെയാണ് അകിതയും വെമുറിയും മൂന്ന് ഭൂഖണ്ഡങ്ങളിലായി നാല് വ്യത്യസ്ത വിവാഹ ചടങ്ങുകള്‍ നടത്തിയത്.