പോരാട്ടം ഫലം കണ്ടു ; ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്

ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിയുള്ള സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പോരാട്ടം ഫലം കണ്ടു…? ചിന്തയ്ക്ക് ശമ്പള കുടിശ്ശിക അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ്. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം.

കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്. 6-1-17 മുതല്‍ 26-5-18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവില്‍ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കും. ചിന്തയുടെ ശമ്പളം 26-5-18 മുതല്‍ 1 ലക്ഷം രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്താ ജെറോം 20-8-22 ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

ചെയര്‍പേഴ്‌സണായി നിയമിതയായ 14-10-16 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആയതിനാല്‍ 14-10-16 മുതല്‍ 25-5-18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20-8-22 ല്‍ ചിന്താ ജെറോം കത്ത് മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.താന്‍ സര്‍ക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാനും ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചു. ചിന്ത പറഞ്ഞത് തെറ്റായിരുന്നുവെന്ന് ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നിന്ന് വ്യക്തം.

ചിന്ത ആവശ്യപ്പെട്ടു, സര്‍ക്കാര്‍ അനുവദിച്ചു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നാണ് ചിന്ത പറഞ്ഞത്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്‍കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ച് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു.