ബി ബി സി ഡോക്യുമെന്ററി രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം ; വ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
ഗുജറാത്ത് കലാപത്തെ കുറിച്ചു പരാമര്‍ശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ. ഷിഹാബുദ്ദീന് കാര്യയത്ത്. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയില്‍ മോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്ക നാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീന് കാര്യയത്ത് പറഞ്ഞു.
സമാനമായ രീതിയില്‍ ഇടത് യുവ സംഘടനകളും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദര്‍ശനം നടത്തുക. രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ തീരുമാനം. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്റിയില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ എബിവിപി പൊലീസില്‍ പരാതി നല്കി. ഇന്നലെ രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമര്‍ശങ്ങളുള്ള ഡോക്യുമെന്ററി ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസില്‍ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു. നേരത്തെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് അനുമതി നല്‍കില്ലെന്ന് സര്‍വകലാശാല ഉത്തരവിടുകയായിരുന്നു.
ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്നും കാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമായിരുന്നു സര്‍വകലാശാല രജിസ്ട്രാറുടെ ഉത്തരവ്. എന്നാലുത്തരവിനെ മറികടന്ന് പ്രദര്‍ശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന് പ്രഖ്യാപനം. വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.