വിലക്ക് നീങ്ങി ; രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം
മോഡലും ചുംബന സമര നായികയും തീവ്ര ഇടതുപക്ഷ അനുഭാവിയുമായ രഹ്ന ഫാത്തിമയുടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി വിലക്ക് നീക്കിയിട്ടുള്ളത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. അതേസമയം, ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. രഹ്ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം താന്‍ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നല്‍കിയത്.
എന്നാല്‍ ഈ വ്യവസ്ഥകള്‍ പലകുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളില്‍ കേസ് എടുത്തെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മറ്റു നിബന്ധനകള്‍ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിര്‍ദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. പത്തനംതിട്ടയില്‍ എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മറ്റു രണ്ടു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി വിചാരണ നടപടികളില്‍ ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു.