വൃദ്ധയെ പറ്റിച്ചു വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍

നെയ്യാറ്റിന്‍കര : സഹായിക്കാം എന്ന പേരില്‍ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജിനെ സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി അറിയിച്ചു. തവരവിള വാര്‍ഡ് കൗണ്‍സിലറായിരുന്നു സുജിന്‍. പ്രാഥമിക അന്വേഷണത്തിനുശേഷം ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതായി പാര്‍ട്ടി ഏരിയ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. തന്റെ വസ്തു തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി വയോധിക പരാതി നല്‍കിയതിന് പിന്നാലെയാണ് സുജിനെതിരായ പാര്‍ട്ടി നടപടിയുണ്ടാകുന്നത്.

വൃദ്ധയുടെ പന്ത്രണ്ടര സെന്റ് സ്ഥലവും 17 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സുജിന്‍ തട്ടിയെടുത്തെന്നാണ് പരാതി. തട്ടിപ്പ് നടത്താന്‍ ഭാര്യയും സുജിനൊപ്പം ചേര്‍ന്നു. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് വൃദ്ധയെ വീട്ടില്‍ താമസിപ്പിച്ച് സ്വത്തുക്കള്‍ തട്ടിയെന്നാണ് കേസ്. ബേബി എന്ന വയോധികയെയാണ് സുജിന്‍ 2021 ഫെബ്രുവരിയില്‍ കബളിപ്പിച്ചത്. കേസില്‍ എഫ്ഐആര്‍ തയാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. വാര്‍ത്തയ്ക്ക് പിന്നാലെ സി പി എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. നഗരസഭാ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങളെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു.

പാര്‍ട്ടിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതും വാര്‍ത്താക്കുറിപ്പ് ഇറക്കിയതും. നഗരസഭാ കൗണ്‍സിലിന് ഒരു ബന്ധവുമില്ലാത്ത സംഭവത്തില്‍ യു ഡി എഫും ബി ജെ പി യും നടത്തുന്ന സമരങ്ങളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും സി പി എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ യു ഡി എഫും ബി ജെ പി യും നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.