ബോളിവുഡിനെ രക്ഷിച്ചു ഷാരൂഖ് ; വമ്പന്‍ കളക്ഷനുമായി ആളിപ്പടര്‍ന്നു പത്താന്
ബോളിവുഡിന് രക്ഷകനായി അവതരിച്ചു ഷാരൂഖ് ഖാന്. ബയോപ്പിക്കും റീമേക്കും കാരണം കുറച്ചു കാലമായി ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ പിന്നിലായ ബോളിവുഡിനെ പഴയ പ്രതാപത്തില്‍ എത്തിക്കാന്‍ കിംഗ് തന്നെ വേണ്ടി വന്നു. തകര്‍ച്ചയുടെ തളര്‍ച്ച അനുഭവിച്ച ബോളിവുഡിന് കോടികളുടെ കിലുക്കം മടക്കി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ സിനിമയായ പത്താന്. റെക്കോര്‍ഡ് ഓപ്പണിംഗ് സിനിമക്ക് ലോകമെമ്പാടും ലഭിച്ചിരിക്കുന്നത്. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനില്‍ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന് പഴങ്കഥയാക്കിയത്. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ 53.95 കോടി രൂപ ആയിരുന്നു. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്.
പത്താന് (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാര് (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താന്‍ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് പട്ടിക.കൂടാതെ കേരളത്തില്‍ അടക്കം രണ്ടു കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷന്‍. ഒരു ബോളിവുഡ് സിനിമയുടെ ഏറ്റവും കൂടിയ ആദ്യദിന കളക്ഷന്‍ കൂടിയാണ് ഇപ്പോള്‍ പിറന്നത്. കാവി വിവാദം കത്തി നിന്ന ശേഷം വമ്പന്‍ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങിയത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്ററാണെന്ന് നിരൂപകര്‍ പറയുന്നു. ഹിന്ദു സംഘടനകള്‍ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. എന്നാല്‍, പത്താന് റിലീസ് തടയില്ലെന്ന് ബജ്റംഗ്ദള്‍ അടക്കമുള്ള ഹിന്ദു സംഘടനകള്‍ പിന്നീട് നിലപാടെടുത്തു. സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകന്. സ്പൈ യുണിവേഴ്സിലെ ആദ്യ ചിത്രം കൂടിയാണ് പത്താന്.
അതേസമയം ബോളിവുഡ് നടി കങ്കണ റണാവത്തും മുതര്‍ന്ന നടന് അനുപം ഖേറും അടക്കം പഠാനെ പിന്തുണച്ച് രംഗത്തെത്തി. പഠാന് പോലുള്ള സിനിമകള്‍ വിജയിക്കണമെന്നും ഇത്തരം സിനിമകള്‍ ആളുകള്‍ കാണണമെന്നും കങ്കണ പറഞ്ഞു. ഹിന്ദി സിനിമ മറ്റ് സിനിമാ വ്യവസായങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. അതിനെ തിരികെയെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കങ്കണ പറഞ്ഞു. പഠാന് വലിയ ബജറ്റില്‍ നിര്‍മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.