മധ്യപ്രദേശ് ഒരിക്കല്‍ ദിനോസര്‍ കോളനി ആയിരുന്നു ; കണ്ടെത്തിയത് 6.6 കോടി വര്‍ഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും
ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവരാണ് ദിനോസറുകള്‍. മനുഷ്യന് ഭൂമിയില്‍ ഉണ്ടാകുന്നതിനു കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ലോകം അവരുടേത് മാത്രമായിരുന്നു.ഇന്ത്യന്‍ ഭൂഖണ്ഡത്തിലും ദിനോസറുകള്‍ വിഹരിച്ച ഒരു സമയം ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ഏറെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മധ്യപ്രദേശിലെ നര്‍മ്മദാ താഴ്വരയില് വമ്പന്‍ ദിനോസര്‍ കോളനി കണ്ടെത്തിയതായി ഗവേഷകര്‍. ടൈറ്റനോസോര്‍സ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 കൂടുകളും ആണ് കണ്ടെത്തിയത്. ധാര്‍ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളില്‍ നിന്നും കണ്ടെത്തിയ ഈ ഫോസിലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിഎല്‍ഒഎസ് വണ്‍ എന്ന ജേണലില്‍ ആണ് ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.
ഡല്‍ഹി സര്‍വകലാശാലയിലെയും മോഹന്‍പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷനിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തല്‍ നടത്തിയത്. 1990 ലാണ് ഈ പ്രദേശത്തു നിന്ന് ആദ്യമായി ഒരു ദിനോസര്‍ മുട്ട ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് ഈ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുവന്ന ഗവേഷണത്തിനൊടുവിലാണ് ഗവേഷകസംഘം ദിനോസര്‍ കോളനിയാണിതെന്ന് തിരിച്ചറിഞ്ഞത്. 2017 മുതല്‍ 2020 വരെ മേഖലയില്‍ നടന്ന ഉദ്ഖനനത്തിനൊടുവിലാണ് ദിനോസര്‍ കോളനിയും മുട്ടകളും കണ്ടെത്തിയത്. 92 പ്രജനന സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തിയ മുട്ടകള്‍ക്ക് 6.6 കോടി വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. യാതൊരു കേടുപാടുകളും കൂടാതെ ഈ മുട്ടകളെല്ലാം മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും ഇവയ്ക്ക് 15 മുതല്‍ 17 സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ദിനോസറുകളുടെ പുനരുല്പാദനം, അവയുടെ കൂടുകൂട്ടി താമസിക്കുന്ന സ്വഭാവം, ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയുള്ള പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗരോപോഡ് ദിനോസറുകളുടെ മറ്റൊരു ഗ്രൂപ്പായ ടൈറ്റനോസോര്‍സ് ദിനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകള്‍. സസ്യഭുക്കുകളായ ഭീമന് ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഏകദേശം 40 ഇനം ടൈറ്റനോസറുകള്‍ ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മുട്ടകളില്‍ 6 വ്യത്യസ്ത ഇനം ടൈറ്റനോസറുകളുടെ മുട്ടകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.