ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂടുതല്‍ ഇടിവിലേക്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കനത്ത ഇടിവില്‍. ലിസ്റ്റ് ചെയ്ത ഒമ്പത് ഓഹരികള്‍ ആദ്യ വ്യാപാരത്തിന് ശേഷം വീണ്ടും സമ്മര്‍ദ്ദത്തിലായി. അദാനി ഗ്രൂപ്പിന് ഏകദേശം 2 ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ വിപണി മൂലധനത്തില്‍ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 17 ശതമാനം ഇടിഞ്ഞപ്പോള്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു. അംബുജ സിമന്റ്, എസിസി എന്നിവ 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ അദാനി പവര്‍, അദാനി വില്‍മര്‍ ഓഹരികള്‍ 5 ശതമാനം വീതം ഇടിഞ്ഞു. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 3.5 ശതമാനം ഇടിഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിട്ട് 36 മണിക്കൂര്‍ കഴിഞ്ഞിട്ടും അതില്‍ ഉന്നയിച്ച കാര്യമായ ഒരു പ്രശ്‌നവും അദാനി അഭിസംബോധന ചെയ്തിട്ടില്ലെന്ന് യുഎസിലെ ഗവേഷണ ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താന്‍ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിനെ തകര്‍ക്കുക എന്നതാണ് ഈ റിപ്പോര്‍ട്ടിന് പിറകിലെ പ്രധാന ലക്ഷ്യം എന്ന് കമ്പനി ആരോപിക്കുന്നു.