രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി
മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമായി. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍, മുന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുക.
ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും. അതിനിടെ സുരക്ഷാപാളിച്ചകള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.