ബീഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്
ബീഹാറില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതര്‍. 16 ലക്ഷം രൂപ രണ്ട് മാസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് കാനറ ബാങ്ക് അധികൃതര്‍ അറിയിച്ചു. വായ്പാ കുടിശിക അടയ്ക്കാത്തതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് കടക്കുന്നത്. മകളുടെ മരണത്തോടെ തുക തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും നടപടി നേരിടുകയേ മുന്നിലുള്ള വഴിയെന്നും ലിതാരയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ലിതാരയുടെ ശമ്പള സര്‍ട്ടിഫിക്കറ്റും 13 സെന്റ് സ്ഥലവും ഈട് വച്ചാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തത്. ഓരോ മാസവും 16000 രൂപയോളമാണ് തിരിച്ചടച്ചത്. എന്നാല്‍ ലിതാരയുടെ മരണത്തോടെ ഈ തുക അടയ്ക്കുന്നതില്‍ വീഴ്ച വരികയായിരുന്നു. മരണം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ലിതാരയുടെ മരണ സര്‍ട്ടിഫിക്കറ്റോ ധരിച്ചിരുന്ന സമയത്തെ ആഭരണങ്ങളോ വസ്ത്രങ്ങളോ ഒന്നും തന്നെ കുടുംബത്തിന് തിരികെ കിട്ടിയിട്ടില്ല. അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും എത്രയും വേഗം കായിക വകുപ്പ് വിഷയത്തില്‍ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കോഴിക്കോട് പാതിരിപ്പറ്റയില്‍ കരുണന്‍ ലളിത ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളാണ് മരിച്ച കായികതാരം ലിതാര കെ.സി. കോച്ച് രവി സിംഗിന്റെ പീഡനമാണ് ലിതാര ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ബിഹാര്‍ പൊലീസിന്റെ രാജീവ് നഗര്‍ സ്റ്റേഷനിലെ പൊലീസാണ് കേസന്വേഷിച്ചുവന്നത്. എന്നാല്‍ ഈയടുത്ത് ബീഹാറില്‍ അന്വേഷണ പുരോഗതിയെ കുറിച്ചറിയാന്‍ ലിതാരയുടെ ബന്ധുക്കള്‍ പോയിരുന്നെന്നും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും കുടുംബം പറഞ്ഞു.