രാജ്യത്ത് തുടരെ വിമാന അപകടങ്ങള്‍ ; മധ്യപ്രദേശില്‍ 2 യുദ്ധവിമാനങ്ങളും രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനവും തകര്‍ന്നുവീണു
രാജ്യത്ത് അടുത്തടുത്ത സമയങ്ങളില്‍ രണ്ടു വിമാന അപകടങ്ങളുണ്ടായി. മധ്യപ്രദേശില്‍ രണ്ടു യുദ്ധ വിമാനങ്ങളും രാജസ്ഥാനില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും തകര്‍ന്നുവീണു. രാജസ്ഥാനിലെ ഭരത്പൂരിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണത്. മധ്യപ്രദേശിലെ മോരേനയ്ക്കു സമീപമാണ് രണ്ടു യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണത്. ഇവ കൂട്ടിയിടിച്ചാണോ അപകടമുണ്ടായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമസേന അറിയിച്ചു.
ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം സംഭവിച്ചത്. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്നതു സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ആഗ്രയില്‍നിന്നു പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് ജെറ്റ് വിമാനമാണ് ഭരത്പൂരില്‍ തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം. ഭരത്പൂരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയോര്‍ എയര്‍ബേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.