ഉദ്യോഗസ്ഥന്‍ 5.6 കോടി തട്ടിയെന്ന് സിഎജി ; പുതിയതല്ലെന്ന് മേയര്‍, വീണ്ടും വെട്ടിലായി തിരുവനന്തപുരം നഗരസഭ
വിവാദങ്ങള്‍ വിട്ടൊഴിയാതെ തിരുവനന്തപുരം നഗരസഭയും മേയറും. തൊഴില്ലാത്ത സ്ത്രീകള്‍ക്ക് ജീവനോപാധി നല്‍കാനുള്ള സബ്സിഡി പദ്ധതിയില്‍ ഉദ്യോഗസ്ഥന്‍ പണം തട്ടിയെന്ന സിഎജി റിപ്പോര്‍ട്ടില്‍ ആണ് ഇത്തവണ തിരുവനന്തപുരം നഗരസഭ വെട്ടിലായത്. വ്യാജ ഗുണഭോക്താക്കളെ ചമച്ച് ഉദ്യോഗസ്ഥന്‍ 5.6 കോടി രൂപ തട്ടിയെന്നാണ് സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സ്ത്രീകളുടെ സംഘങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ളതായിരുന്നു പദ്ധതി. ഇതില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി, 5.6 കോടി രൂപ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തെന്നാണ് സിഎജി കണ്ടെത്തല്‍. ദേശസാത്കൃത ബാങ്കുകളില്‍ നിന്നോ, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ എടുത്ത വായ്പകള്‍ക്ക് മൂന്ന് ലക്ഷം രൂപ സബ്‌സിഡി അനുവദിക്കുന്നതാണ് പദ്ധതി. 2020-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഈ കാലയളവില്‍ 215 ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി അനുവദിച്ചു. ഇതില്‍ ആകെ പത്ത് സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്. ബാക്കി 205 സംഘങ്ങളും വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘങ്ങളുടെ പേരില്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന്, വായ്പ കിട്ടിയതായി രേഖകള്‍ ചമച്ചു. ഈ രേഖകള്‍ ഉപയോഗിച്ച് സബ്‌സിഡി തുക വാങ്ങിയെന്നും പിന്നീട് അശ്വതി സപ്ലയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്കായി ഈ തുക മാറ്റിയെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു. പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാരനായ ഇന്‍ഡസ്റ്റ്രിയല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസറും സംഘവും തിരിമറി നടത്തിയത് എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന് വിരുദ്ധമായ വാദങ്ങളാണ് മേയര്‍ ആര്യാ രാജേന്ദ്രന്റേത്. സംഭവം നേരത്തെ കണ്ടെത്തിയെന്നാണ് മേയര്‍ പറയുന്നത്. ഉപഭോക്താക്കള്‍ തന്നെ വ്യാജ രേഖ സമര്‍പ്പിച്ചതാണെന്നും ഇത് പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതാണെന്നും മേയര്‍ പറഞ്ഞു. പദ്ധതിയിലെ തിരിമറി നേരത്തെ തന്നെ വ്യവസായ വകുപ്പിനെ അറിയിച്ചിരുന്നു. ഇതില്‍ വ്യവസായ വകുപ്പിന്റെ അന്വേഷണ റിപ്പോട്ടിനായി കാത്തിരിക്കുകയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. നഗരസഭ കണ്ടെത്തലിന് വിരുദ്ധമാണ് ഉദ്യോഗസ്ഥന്‍ തന്നെ പണം തട്ടിയെടുത്തത് എന്ന സിഎജി കണ്ടെത്തല്‍.