ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതല്ല ആസൂത്രണം ; സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് എതിരെ ജി സുധാകരന്‍

പിണറായി സര്‍ക്കാരിലെ ടൂറിസം ആരോഗ്യം വകുപ്പുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ വികസനം എങ്ങുമെത്തിയില്ല. മന്ത്രി ഡോക്ടേഴ്സിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങള്‍ പാലിക്കണം.

പുതിയ പരിഷ്‌കാരങ്ങള്‍ വേണം. ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതല്ല ആസൂത്രണം. ജില്ലാ ടൂറിസം പ്രൊമോഷനില്‍ അഴിമതിയുടെ അയ്യരുകളിയെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ വിമര്‍ശിച്ചത്. അതേസമയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ ആദ്യാവസാനം വരെ മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. സമൂഹത്തിനു വേണ്ടിയുള്ള വികസനത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്.

എന്നാല്‍ ഇതിനായി പ്രവര്‍ത്തിച്ച ചിലരെ ഒഴിവാക്കി. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയേയും ഉള്‍പ്പെടുത്താമായിരുന്നുവെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ എം എല്‍ എയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെ പറ്റി പാര്‍ട്ടിക്കുള്ളില്‍ തന്നെ വളരെ മോശം അഭിപ്രയമാണ് ഇപ്പോള്‍ ഉയരുന്നത്. മന്ത്രിമാരില്‍ പലര്‍ക്കും വകുപ്പുകളില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത സ്ഥിതിയാണ് ഇപ്പോള്‍.