തൃശൂരില്‍ അമ്മയും രണ്ടു മക്കളും വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

തൃശൂര്‍ കുന്നംകുളം പന്നിത്തടത്ത് അമ്മയെയും രണ്ട് കുട്ടികളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചിറമേനങ്ങാട് റോഡില്‍ മെഹഫില്‍ മന്‍സിലില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ അജുവ (3), അമന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയായിരുന്നു. വീടിനു മുകളിലെ ബാല്‍ക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാര്‍ പോര്‍ച്ചില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തി തിരിച്ചു പോയത്. എന്താണ് ആത്മഹ്യതയ്ക്ക് കാരണം എന്ന് വ്യക്തമായിട്ടില്ല. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.