അനുവാദമില്ലാതെ തന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി രജിനികാന്ത്
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് തന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവ അനധികൃതമായി ഉപയോഗിച്ച് താരത്തിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പു നല്‍കിയത്. താരത്തിന്റെ അഭിഭാഷകന് എസ്. ഇളംഭാരതി പൊതു ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് പുറത്തിറക്കിയത്. ‘ഒരു നടന് എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ കരിഷ്മയും സ്വഭാവവും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ വിളിക്കുന്ന ‘സൂപ്പര്‍സ്റ്റാര്‍’ എന്ന പദവി നേടിക്കൊടുത്തു. സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന്റെയും ആദരവിന്റെയും അളവുകള്‍ സമാനതകളില്ലാത്തതും തര്‍ക്കമില്ലാത്തതുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തി എന്ന നിലയിലോ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടാകുന്നത് എന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും,’ നോട്ടീസില്‍ പറയുന്നു.
വിവിധ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചര്‍ ചിത്രം, കമ്പ്യൂട്ടര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി അറിയിപ്പില്‍ പറയുന്നു. തന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം അനധികൃത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വഞ്ചനയിലേക്ക് നയിക്കുമെന്നും നോട്ടീസില്‍ പറയുന്നു.ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട, അംഗീകാരം നേടിയ, വിജയിച്ച നടന്മാരില് ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്വാദെന്ന് രണ്ട് പേജുള്ള നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുമണ്ട്.