‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാര്‍ 18600 രൂപ കമ്മീഷന്‍ വാങ്ങിയതായി കണ്ടെത്തല്‍. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള കണ്ടനകം ബവ്റിജസ് ഔട്ലറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 18,600 രൂപ കണ്ടെത്തിയത്. സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യത്തിനു പകരം സ്വകാര്യ ബ്രാന്‍ഡുകള്‍ കൂടുതലായി വില്‍ക്കുന്നതിനു കമ്പനികളില്‍നിന്നു കമ്മിഷനായി ലഭിച്ച തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഔട്ട്ലെറ്റിന് പിന്‍ഭാഗത്തെ ഗോഡൗണില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് ചുരുട്ടിവച്ച നിലയില്‍ 500, 100 രൂപാ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രഹസ്യ കോഡുകള്‍ ഉള്‍പ്പെടെ എഴുതിയ കടലാസും കണ്ടെടുത്തു. ഇതേ ഔട്ട്ലെറ്റില്‍ ജോലി ചെയ്യുന്ന എട്ടു ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കാനുള്ള തുകയാണ് ഇതെന്ന് ഒരു ജീവനക്കാരന്‍ മൊഴി നല്‍കി.
ജവാന്‍ മദ്യം ആവശ്യപ്പെടുന്ന ഉപഭോക്താക്കളോട് തീര്‍ന്നുപോയെന്ന മറുപടിയാണ് ബില്ലിങ് സെക്ഷനില്‍ ഉള്ള ജീവനക്കാരന്‍ നല്‍കിയത്. ജവാന്‍ തീര്‍ന്നുപോയെന്ന മറുപടി ലഭിക്കുന്നതോടെ, ആവശ്യക്കാര്‍ മറ്റ് ബ്രാന്‍ഡുകള്‍ വാങ്ങാന്‍ തയ്യാറാകും. സ്വകാര്യ ബ്രാന്‍ഡുകള്‍ കൂടുതല്‍ വില്‍ക്കാനായി ഔട്ട്ലെറ്റിലെ ജീവനക്കാര്‍ സ്വകാര്യ മദ്യ കമ്പനികളില്‍നിന്ന് കമ്മീഷന്‍ വാങ്ങുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് സംഘം ഔട്ട്ലെറ്റിലെത്തി റെയ്ഡ് നടത്തിയത്.
ഓരോ ദിവസവും ഡ്യൂട്ടിയില്‍ പ്രവേശിക്കുമ്പോള്‍ കൈവശമുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി വയ്ക്കണമെന്ന് ജീവനക്കാര്‍ക്ക് ബെവ്കോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ ഓരോ ദിവസത്തെയും തുക അടുത്ത ദിവസം ബാങ്കില്‍ അടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.