പ്രബന്ധം മോഷണം ; ചിന്ത ജെറോമിന് പിന്തുണയുമായി ഇപി ജയരാജന്‍

അടിച്ചു മാറ്റിയ പ്രബന്ധത്തില്‍ പറ്റിയ പിഴവില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വളര്‍ന്നു വരുന്ന ഒരു യുവ മഹിളാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വേട്ടയാടുകയാണെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്ന കോണ്‍ഗ്രസ് അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും കേരളം ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടുന്നത് ശരിയല്ല. പിഎച്ഡി പ്രബന്ധത്തിലുണ്ടായ പിഴവ് തികച്ചും മനുഷ്യസഹജമാണ്. തെറ്റുകള്‍ വരാത്തവരായി ആരും മനുഷ്യരില്‍ ഇല്ല. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വരും. ഇക്കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. വിഷയത്തില്‍ നിരീക്ഷണങ്ങളും പരിശോധനകളും നടത്താന്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ ഉണ്ടെന്നും അതിനാല്‍ ഇത്തരം വ്യക്തിഹത്യകള്‍ ഒഴിവാക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. അതേസമയം വാഴക്കുല വിവാദത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും അടിച്ചു മാറ്റിയ ഭാഗത്തിലാണ് വഴക്കുല സംബന്ധിച്ച പരാമര്‍ശം ഉള്ളത്. അത് വായിച്ചു പോലും നോക്കാതെ സമര്‍പ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതേസമയം പ്രബന്ധം ബന്ധപ്പെട്ടവരും പരിശോധിക്കാതെയാണ് ചിന്തയ്ക്ക് ഡോക്റ്ററേറ്റ് നല്‍കിയത് എന്ന് കൂടി ഇപ്പോള്‍ വ്യക്തമാവുകയാണ്.