മഹാത്മാ ജീവന്‍ വെടിഞ്ഞിട്ട് 75 വര്‍ഷം ; പ്രണാമം അര്‍പ്പിച്ച് രാജ്യം
മഹാത്മയുടെ 75-ാം രക്തസാക്ഷിത്വ ദിന സ്മരണയില്‍ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ അനുസ്മരിച്ചു. ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകള്‍ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാന്‍ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ‘സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവന്‍ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നു’ രാഹുല്‍ ഗാന്ധി കുറിച്ചു.