കിഴക്കന്‍ പ്രവിശ്യയില്‍ ഉത്സവം തീര്‍ത്ത് ‘നവയുഗസന്ധ്യ 2K22’ അരങ്ങേറി

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ വര്‍ണ്ണവിസമയങ്ങളുടെ ഉത്സവം തീര്‍ത്ത ‘നവയുഗസന്ധ്യ 2K22’ പ്രവാസികള്‍ക്ക് ആവേശമായി ദമ്മാം ഉമ്മുല്‍ സാഹിക്കില്‍ അരങ്ങേറി.

നൂറുകണക്കിന് സ്‌ക്കൂള്‍ കുട്ടികള്‍ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവല്‍, ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഹെല്‍പ്പ്‌ഡെസ്‌ക്ക് എന്നിവയും സജ്ജീകരിച്ചിരുന്നു. വിനോദ് കുഞ്ഞു, വില്യം പായിപ്പാട്, ഹഫ്സത് അഷറഫ്, സംവൃത സുരേഷ്, ഖദീജാ നാഫീല, ഷാലിന്‍ ഹബീബ് എന്നീ ചിത്രകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് അരങ്ങേറിയ, നാടന്‍ ശേലുള്ള നൃത്തകലാരൂപങ്ങള്‍ മുതല്‍ കാവുകള്‍ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്‌ക്കാരികഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി.

തിരുവാതിരയും, മാര്‍ഗ്ഗംകളിയും, ക്രിസ്തുമസ്സ് കരോള്‍ സംഘവും, ഒപ്പനയും, ശാസ്ത്രീയ, നാടന്‍ നൃത്തങ്ങളും, മനോഹരഗാനങ്ങളും, സിനിമാറ്റിക്ക് നൃത്താവിഷ്‌കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര്‍ നവയുഗസന്ധ്യ വേദിയില്‍ അണി നിരന്നിരുന്നു. ഡോ. അമിതാ ബഷീര്‍, സാനിയ സ്റ്റീഫന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് അവതാരകരായി.

നവയുഗസന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരികസദസ്സില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റവന്യു മന്ത്രി കെ രാജന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യപ്രഭാഷണം നടത്തി. നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, സഫിയ അജിത്ത് അനുസ്മരണം നടത്തി.

സാംസ്‌ക്കാരിക സദസ്സില്‍ വെച്ച് നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം സഫിയ അജിത്ത് മെമ്മോറിയല്‍ സാമൂഹ്യപ്രതിബദ്ധത അവാര്‍ഡ് പ്രഖ്യാപനം നടത്തി. ശ്രീ: കെ രാജന് നവയുഗത്തിന്റെ സഫിയ അജിത്ത് അവാര്‍ഡ് ശ്രീ: പി. പി സുനീര്‍ സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

തങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒന്‍പതു വ്യക്തിത്വങ്ങളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ദമ്മാം ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീം കോര്‍ഡിനേറ്റര്‍ മിര്‍സ സഹീര്‍ ബൈഗ്, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മെഹ്നാസ് ഫരീദ്, ഏറാം ഗ്രൂപ്പ് കമ്പനിയുടെ ഗ്രൂപ്പ് ഡയറക്റ്ററും സി.ഒ.ഒ യുമായ മധു ആര്‍ കൃഷ്ണന്‍, ജുബൈലില്‍ ഇന്ത്യന്‍ എംബസി വളണ്ടിയര്‍ ഡസ്‌കിന്റെ കോര്‍ഡിനേറ്റര്‍ ജയന്‍ തച്ചന്‍പാറ, പ്രവാസി എഴുത്തുകാരനും, സാംസ്‌ക്കാരികപ്രവര്‍ത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ കായംകുളം, ആതുരശിശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നഴ്‌സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീര്‍, ‘സൗദി പാട്ടു കൂട്ടം’ അമരക്കാരനും നാടന്‍പാട്ട് കലാകാരനുമായ സന്തു സന്തോഷ്, എന്നിവരെയാണ് ആദരിച്ചത്.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, നാസ് വക്കം (സാമൂഹ്യപ്രവര്‍ത്തകന്‍), നൗഷാദ് അകോലത്തു (നവോദയ), സിദ്ധിക്ക് പാണ്ടികശാല (കെ എം സി സി), ഇ.കെ.സലിം (ഓ.ഐ.സി.സി) എന്നിവര്‍ ചടങ്ങില്‍ ആശംസപ്രസംഗം നടത്തി.

ഉച്ചയ്ക്ക് നടന്ന മത്സരങ്ങളുടെ ഫലപ്രഖ്യാപനം സ്വാഗതസംഘം രക്ഷാധികാരി പ്രിജി കൊല്ലം നടത്തി. ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, ക്യാരംസ് എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും, പത്ത്, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം വഹിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ഗോപകുമാര്‍, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുണ്‍ ചാത്തന്നൂര്‍, പ്രിജി കൊല്ലം, സഹീര്‍ഷാ, ഷിബുകുമാര്‍, ദാസന്‍ രാഘവന്‍, സനു മഠത്തില്‍, ശരണ്യ ഷിബു, ഉണ്ണി മാധവം, അനീഷ കലാം, ബിനുകുഞ്ഞു, സജീഷ് പട്ടാഴി, സന്തോഷ് ചെങ്കോലിക്കല്‍, മിനി ഷാജി, ജാബിര്‍, സംഗീത ടീച്ചര്‍, ഷീബ സാജന്‍, റിയാസ്, സുശീല്‍ കുമാര്‍, ശാമില്‍ നെല്ലിക്കോട്, വേലുരാജന്‍, സാബു, സുരേന്ദ്രന്‍, ജിതേഷ്, സാജി അച്ചുത്, ഉണ്ണികൃഷ്ണന്‍, റഷീദ് പുനലൂര്‍, കൃഷ്ണന്‍, റെജീന്‍ ചന്ദ്രന്‍, സുകുപിള്ള, ശ്രീലാല്‍, നൗഷാദ്, ബെക്കര്‍, മീനു അരുണ്‍, ബിനീഷ്, വര്‍ഗ്ഗീസ്, നന്ദകുമാര്‍, രാജന്‍ കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി.