മാരുതിക്ക് പണി കൊടുത്ത ‘വില്ലന്‍’ ആരാണ് എന്ന് അറിയാമോ…?

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് പണി കൊടുത്ത ‘കൊച്ചു വില്ലന്റെ ‘ ഭീഷണി ഒഴിഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. വേറാരുമല്ല മൈക്രോചിപ്പ് എന്ന കുഞ്ഞനാണ് മാരുതി ഉള്‍പ്പെടെയുള്ള കാര്‍ കമ്പനികള്‍ക്ക് പണി കൊടുത്തത്. മൈക്രോചിപ്പ് സപ്ലൈകള്‍ വെല്ലുവിളി നിറഞ്ഞതും പ്രവചനാതീതവുമായി തുടരുന്ന സാഹചര്യം ഉല്‍പ്പാദനത്തില്‍ സ്വാധീനം ചെലുത്തുന്നത് തുടരുകയാണെന്ന് മാരുതിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) അജയ് സേത്ത് പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യത്തെ നേരിടാന്‍, ലഭ്യമായ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തില്‍ നിന്ന് പരമാവധി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ മാരുതി സുസുക്കി ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2022 ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൈക്രോചിപ്പ് വിതരണ സ്ഥിതി മെച്ചപ്പെട്ടു. എന്നിരുന്നാലും, ചിപ്പ് പ്രതിസന്ധി കാരണം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മാരുതി സുസുക്കിയുടെ ഉല്‍പ്പാദനം ഏകദേശം 46,000 യൂണിറ്റ് കുറഞ്ഞു. ഇലക്ട്രോണിക് ഘടകങ്ങളുടെ പരിമിതമായ ലഭ്യത തങ്ങളുടെ ഉല്‍പ്പാദനം ആസൂത്രണം ചെയ്യുന്നതില്‍ ഒരു വെല്ലുവിളിയാണ് എന്നും ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം ഇപ്പോഴും ഉല്‍പ്പാദന അളവ് പരിമിതപ്പെടുത്തുന്നു എന്നും അജയ് സേത്ത് പറഞ്ഞു.

ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണ സാഹചര്യം പ്രവചനാതീതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൈക്രോചിപ്പ് പ്രതിസന്ധിയെത്തുടര്‍ന്ന് മാരുതി സുസുക്കി ഉള്‍പ്പെടെ നിരവധി വാഹന നിര്‍മ്മാതാക്കള്‍ വന്‍ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിരുന്നു. വാഹന നിര്‍മാണത്തിലെ തടസ്സം ഉപഭോക്താക്കള്‍ക്ക് നീണ്ട കാത്തിരിപ്പ് കാലാവധി വരുത്താനും കാരണമാകുന്നുണ്ട്. മാരുതി സുസുക്കിയുടെ തീര്‍പ്പാക്കാത്ത ഉപഭോക്തൃ ഓര്‍ഡറുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തില്‍ ഏകദേശം 3.63 ലക്ഷം യൂണിറ്റായി വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതിക്ക് മനേസര്‍, ഗുരുഗ്രാം പ്ലാന്റുകളിലായി പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത ഉല്‍പ്പാദന ശേഷിയുണ്ട്. മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിന്റെ ഗുജറാത്ത് സ്ഥാപനത്തില്‍ നിന്ന് 7.5 ലക്ഷം യൂണിറ്റുകളും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. എന്നിരുന്നാലും, പ്രതിവര്‍ഷം ഇത്രയും വലിയ ഉല്‍പ്പാദന ശേഷിയുണ്ടായിട്ടും, ചിപ്പ് ക്ഷാമം കാരണം മാരുതി സുസുക്കി ഉല്‍പ്പാദനത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.