കാമുകിയുമൊത്ത് ട്രിപ്പ് പോകാന്‍ പണം നല്‍കിയില്ല ; യുപിയില്‍ യുവാവ് അമ്മായിയെ അടിച്ചുകൊന്നു
കാമുകിയുടെ കൂടെ അടിച്ചു പൊളിച്ചു ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ 22കാരന്‍ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. അമ്മായി സത്വിരിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ പ്രതി സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ സത്വിരിയുടെ ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു. തിരികെവന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സത്വിരിയുടെ മൃതദേഹം കണ്ടെത്തിയ ഭര്‍ത്താവ് പൊലീസിനെ വിവരമറിയിച്ചു.
അന്വേഷണത്തിനായി പൊലീസ് നായ എത്തി. മണം പിടിച്ച് വീടിന്റെ മുകളിലേക്ക് കയറിയ നായ മുകള്‍ നിലയിലെ മുറിയിലുണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സാഗര്‍ പ്രദേശവാസിയെ പ്രതിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഷര്‍ട്ടില്‍ കണ്ട രക്തക്കറ അടിസ്ഥാനമാക്കി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് സാഗര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.