കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദം ; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

ജാതി വിവാദത്തിനെ തുടര്‍ന്ന് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഞാന്‍ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി അടുത്ത കാലത്ത് നിരവധി അപഖ്യാതികള്‍ പ്രചരിപ്പിക്കപ്പെട്ടു.ഐഎഫ്എഫ്കെ വേദിയിലാണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചത്. വിഷയത്തില്‍ സത്യമെന്താണെന്നറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ല. അതില്‍ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അതാണ് സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണുണ്ടായത്. ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തത്.

ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് ജോലിക്കാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചത് പച്ചക്കള്ളമാണെന്ന് എന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. അവരാരും പട്ടികജാതിയില്‍പ്പെടുന്നതല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്. ഡയറക്ടറുടേത് സ്വവസതിയല്ല. ഔദ്യോഗിക വസതിയാണ്.അവിടെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന് പറയുന്നത് തെറ്റാണ്’. അടൂര്‍ പറഞ്ഞു. ഒരു സാധു വീട്ടമ്മ മാത്രമാണ് ഡയറക്ടറുടെ ഭാര്യ. അവരുമായി ബന്ധപ്പെടുത്തി വൃത്തികെട്ട കാര്യങ്ങളാണ് പറയുന്നത്. ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയവരെ കുറിച്ച് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ ആള്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ട്. സമരത്തിന് രണ്ടാഴ്ച മുന്‍പ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കയുണ്ട്. ധാര്‍മികത ഏറ്റെടുത്തല്ല, പ്രതിഷേധരാജിയാണ് തന്റേതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ രംഗത്ത് വന്നു. ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി തങ്ങളെ കൊണ്ട് വൃത്തിയാക്കിച്ചെന്നും വനിതാ ജീവനക്കാര്‍ പ്രതികരിച്ചു. സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ഈ മാസം ശമ്പളം ലഭിച്ചില്ല. അടൂര്‍ സാറിനെ പോലെ ഇത്രയും വിദ്യാഭ്യാസമുള്ളവര്‍ ഇതുപോലെ പച്ചക്കള്ളം പറയരുത്. സത്യസന്ധമായ ആരോപണങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങളെ കൊണ്ട് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവര്‍ക്ക് പറയാന്‍ പറ്റുമോ?’. ജീവനക്കാര്‍ ചോദിച്ചു.