മൂന്നരലക്ഷം രൂപയും ഐഫോണും കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ പിടിയില്‍ ; സംഭവം മലപ്പുറത്ത്

മലപ്പുറത്തു മൂന്നരലക്ഷം രൂപയും ഐഫോണും കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ പിടിയില്‍. ഇടനിലക്കാരന്‍ വഴി കൈക്കൂലിയുടെ ആദ്യ ഗഡു 50,000 രൂപ വാങ്ങിയ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ സുഹൈലിനെയാണ് വിജിലന്‍സ് പിടികൂടിയത്. അന്വേഷണം നടന്നുവരുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെുഹൈലിനെയും ഇടനിലക്കാരന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും വിജിലന്‍സ് പിടികൂടിയത്.

2017ല്‍ മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരന്‍. ഈ കേസില്‍ 2019ല്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ ഇദ്ദേഹം ബംഗളുരുവില്‍നിന്ന് അറസ്റ്റിലായിരുന്നു. വളരെ വേഗം ജാമ്യം ലഭിച്ചെങ്കിലും, കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുഹൈല്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൂടുതല്‍ വാറണ്ടുകളുണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ കേസില്‍നിന്ന് ഊരാന്‍ സഹായിക്കാമെന്നും പറഞ്ഞു.

മൂന്നര ലക്ഷം രൂപയും ഐഫോണ്‍ 14 മോഡലും വാങ്ങി നല്‍കണമെന്നതായിരുന്നു സുഹൈലിന്റെ ആവശ്യം. ഇതനുസരിച്ച് കറുത്ത ഐഫോണ്‍ 14 വാങ്ങി ഇടനിലക്കാരനായ മുഹമ്മദ് ബഷീറിനെ ഏല്‍പ്പിച്ചു. എന്നാല്‍ തനിക്ക് നീല നിറത്തിലുള്ള മുന്തിയ മോഡല്‍ ഐഫോണ്‍(256 ജിബി) വേണമെന്ന ആവശ്യം സുഹൈല്‍ ഉന്നയിച്ചു. ഇതനുസരിച്ച് 2023 ജനുവരി 23ന് കറുത്ത ഐഫോണ്‍ ഇടനിലക്കാരന്‍ വഴി തിരികെ നല്‍കുകയും ചെയ്തു. പണവും ആവശ്യപ്പെട്ട ഐഫോണും എത്രയും വേഗം നല്‍കണമെന്നും, ഇല്ലെങ്കില്‍ കേസ് ബലപ്പെടുത്തുമെന്നും സുഹൈല്‍ നിരന്തരം പരാതിക്കാരനെ ഭീഷണിപ്പെടുത്തി.

സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും കുറച്ചു സാവകാശം വേണമെന്നും സുഹൈലിനെ പരാതിക്കാരന്‍ അറിയിച്ചു. എസ്.ഐയുടെ ഭീഷണി അസഹനീയമായതോടെ യുവാവ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ നേരിട്ട് കണ്ടു പരാതി നല്‍കി. ഇതോടെ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐയെ പിടികൂടാന്‍ വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന് മനോജ് എബ്രഹാം നിര്‍ദേശം നല്‍കി.

തുടര്‍ന്ന് വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശാനുസരണം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോണ്‍ 14 (256 ജിബി) വാങ്ങി സബ് ഇന്‍സ്പെക്ടര്‍ സുഹൈല്‍ നിര്‍ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഇടനിലക്കാരന്‍ ഹാഷിമിനെ ഏല്‍പ്പിച്ചു. ഇതോടെ നേരത്തെ ആവശ്യപ്പെട്ട 3.5 ലക്ഷം രൂപ ഗഡുക്കളായി നല്‍കിയാല്‍ മതിയെന്ന് സുഹൈല്‍ പരാതിക്കാരനെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡു 50000 രൂപ സുഹൈല്‍ ആവശ്യപ്പെട്ട പ്രകാരം ആദ്യ ഇടനിലക്കാരനായിരുന്ന മുഹമ്മദ് ബഷീറിനെ ഇന്ന് ഉച്ചയോടെ ഏല്‍പ്പിച്ചു. മുഹമ്മദ് ബഷീറിനെ പിന്തുടര്‍ന്ന വിജിലന്‍സ് സംഘം, സുഹൈലിന് പണം കൈമാറുന്ന സമയം ഇരുവരെയും പിടികൂടുകയായിരുന്നു ഇവരെ ബുധനാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.