നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ മനുഷ്യനായ എഡ്വിന്‍ ബുസ് ആല്‍ഡ്രിന് 93 -ാം വയസ്സില്‍ പ്രണയസാഫല്യം

നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എന്നറിയപ്പെടുന്ന എഡ്വിന്‍ ബുസ് ആല്‍ഡ്രിന് 93 വയസ്സില്‍ പ്രണയസഫല്യം. തന്റെ 93 -ാം ജന്മദിനമായിരുന്ന ജനുവരി 20 നാണ് 63 വയസ്സുകാരിയായ ഡോ അങ്ക ഫൗറിനെ എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് തങ്ങള്‍ വിവാഹിതരായ കാര്യം അറിയിച്ചത്. ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും ആണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് എന്നാണ് അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ലോസാഞ്ചലസില്‍ വച്ച് നടന്ന ചെറിയൊരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ഫൗര്‍ 2019 മുതല്‍ ബുസ് ആല്‍ഡ്രിന്‍ വെഞ്ച്വേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്. ആല്‍ഡ്രിന്റെ നാലാം വിവാഹമാണിത്. 1954-ല്‍ ജോവാന്‍ ആന്‍ ആര്‍ച്ചറെയാണ് അദ്ദേഹം ആദ്യം വിവാഹം ചെയ്തത്. 20 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. 1975 ല്‍ ബെവര്‍ലി വാന്‍ സൈലിനെയും 1988 ല്‍ ലോയിസ് ഡ്രിഗ്‌സ് കാനനെയും അദ്ദേഹം വിവാഹം ചെയ്തു. ജെയിംസ്, ജാനിസ്, ആന്‍ഡ്രൂ എന്നിങ്ങനെ മൂന്ന് മക്കളാണ് കഴിഞ്ഞ മൂന്ന് വിവാഹത്തിലായി അദ്ദേഹത്തിനുള്ളത്. 1969 ജൂലൈ 20 ന് അപ്പോളോ 11 ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തി 20 മിനിറ്റിന് ശേഷം രണ്ടാമതായിറങ്ങിയത് ആല്‍ഡ്രിനായിരുന്നു. ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഇന്നും ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തി ആല്‍ഡ്രിനാണ്.