വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 12ന് ആഘോഷിക്കും. 22-മത്തെ ജില്ലയിലുള്ള എസ്‌ലിംങ് ദേവാലയത്തില്‍ അന്നേദിവസം 4.30ന് വി. കുര്‍ബാനയും തുടര്‍ന്ന് ലദീഞ്ഞും ഉണ്ടായിരിക്കും.
തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ചു നാട്ടില്‍നിന്ന് എത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള അവസരവും ഉണ്ടാകും. പ്രവാസി രണ്ടാം തലമുറയ്ക്ക് വിശുദ്ധ സെബസ്ത്യാനോസിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും മലയാളികളുടെ വേറിട്ട തിരുനാള്‍ ഏവര്‍ക്കും അനുഗ്രഹമാക്കാനുമാണ് നാട്ടില്‍ നിന്നും അമ്പും മുടിയും ചാര്‍ത്തിയ പുണ്യവാളന്റെ തിരുസ്വരൂപം എത്തിക്കുന്നതും അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നതുമെന്നു തിരുനാള്‍ കമ്മിറ്റി അറിയിച്ചു.
ആഘോഷത്തില്‍ പങ്കു ചേരാന്‍ സീറോമലബാര്‍ സഭയുടെ ചാപ്ലയിന്മാരായ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവര്‍ വിശ്വാസികളെ ക്ഷണിച്ചു.