ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു

ഡല്‍ഹി : നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊന്നു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി (32) ആണു കൊല്ലപ്പെട്ടത്. ഡല്‍ഹി പശ്ചിംവിഹാറില്‍ ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഫ്ളിപ്കാര്‍ട്ടില്‍ കൂറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി ഡിസിപി ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും ഡിസിപി പറഞ്ഞു. അതേസമയം എന്താണ് കൊലപാതക കാരണം എന്ന് വെളിവായിട്ടില്ല.