ഡല്‍ഹിയിലെ വായു മലിനീകരണം ; കെജ്രിവാളിന്റെ പ്രസ്താവനയെ തള്ളി സ്വീഡിഷ് ശാസ്ത്രജ്ഞര്‍
വായു മലിനീകരണ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞര്‍ രംഗത്ത്. ബയോമാസ് കത്തിക്കുന്നതുമൂലമാണ് അന്തരീക്ഷ മലിനീകരണം കൂടുന്നുവെന്ന കെജ്രിവാളിന്റെ പ്രസ്താവന തെറ്റാണ്. വളരെ മോശം ഉദാഹരണമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ ഡല്‍ഹിയിലെത്തിയ സ്വീഡിഷ് ശാസ്ത്രജ്ഞരുടെ പ്രതിനിധി സംഘം ആരോപിച്ചു. ”ഡല്‍ഹിയില്‍ ഡീസല്‍, പെട്രോള്‍, സിഎന്‍ജി എന്നിവ മൂലം ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ അളവിനേക്കാള്‍ വളരെ കുറവാണ് കത്തുന്ന വിറകിന്റെ അളവ്. വളരെ മോശം ഉദാഹരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തത്സമയ മോണിറ്ററിംഗ് സിസ്റ്റത്തിന് താഴെ ഒരു കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വ്യത്യാസം മനസിലാകും.
വായു മലിനീകരണത്തിന് ഒന്നിലധികം ഘടകങ്ങളുണ്ട്, ബയോമാസ് കത്തിക്കുന്നത് ചെറിയ സംഭാവനയാണ് നല്‍കുന്നത്”-ഗവേഷണ സംഘത്തിലെ അംഗമായ സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ രവികാന്ത് പഥക് പറഞ്ഞു. ഡല്‍ഹിയിലെയും വടക്കന്‍ സമതലങ്ങളിലെയും വായു മലിനീകരണത്തിന് ഒന്നിലധികം കാരണങ്ങളുണ്ടെന്നും ഇത് കാലാനുസൃതമാണെന്നും ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജാന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് ആരംഭിക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന അളവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ കുറ്റിക്കാടുകള്‍ കത്തുന്ന സീസണുകള്‍ അവസാനിച്ചിട്ടും ഡല്‍ഹിയിലെ വായു മലിനമായി തുടരുന്നു. വാഹന മലിനീകരണമാണ് പ്രധാന സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.