വൈറല്‍ ആകാന്‍ സ്രാവിനെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു ; 15 ലക്ഷം പിഴ വിധിച്ച് അധികൃതര്‍
ചാനലിന് റീച് കിട്ടാന്‍ എന്തും ചെയ്യുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ ലോകം. വീഡിയോ വൈറല്‍ ആയാല്‍ പണവും പ്രശസ്തിയും ലഭിക്കും എന്ന ആഗ്രഹമാണ് പലരെയും ഇതൊക്കെ ചെയ്യുക്കുന്നത്. അത്തരത്തില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നവരും ഏറെയാണ്. അങ്ങനെ ഒന്നാണ് ഇവിടെയും. നിയമവിരുദ്ധമായി വെള്ള സ്രാവിനെ വാങ്ങി പാചകം ചെയ്ത് കഴിച്ച ചൈനയില്‍ നിന്നുള്ള ഫുഡ് ബ്ലോഗര്‍ക്ക് 18,500 ഡോളര്‍ പിഴ. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 15 ലക്ഷത്തോളം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ടിസി എന്ന പേരില്‍ അറിയപ്പെടുന്ന പാചക ബ്ലോഗറായ ജിന്‍ മൗമുവിനെതിരെയാണ് പിഴ ചുമത്തിയത്.
2022 ലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. നിയമവിരുദ്ധമായി വെള്ള സ്രാവിനെ വാങ്ങിയ ഇവര്‍ അതിനെ പാചകം ചെയ്ത് ഭക്ഷിക്കുന്നതിന്റെ വീഡിയോ തന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കിട്ടു. സംഗതി പെട്ടെന്ന് തന്നെ തരംഗമായി. പിന്നാലെ വിവാദവും. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ഇവര്‍ക്കെതിരെ കേസെടുത്ത് 15 ലക്ഷം രൂപ പിഴ ചുമത്തിയത്. 2022 ജൂലൈയിലാണ് ഇവര്‍ തന്റെ സാമൂഹിക മാധ്യമ പേജില്‍ ഈ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോ അധികം വൈകാതെ തന്നെ വിവാദത്തിലാവുകയായിരുന്നു. ചൈനയുടെ ടിക്-ടോക്ക് ആപ്ലിക്കേഷന്‍ ആയ ഡൗയിനില്‍ ആണ് ഇവര്‍ തന്റെ വീഡിയോ അപ്ലോഡ് ചെയ്തത്.
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വൈല്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ നിയമം ലംഘിച്ചതിനാണ് അധികൃതര്‍ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെള്ള സ്രാവിനെ അനധികൃതമായി കൈവശം വയ്ക്കുന്നത് അഞ്ചു മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് വെള്ള സ്രാവിനെ ‘വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനമായി’ മായി പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് ചൈന വെള്ള സ്രാവിനെ വാങ്ങുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും പൂര്‍ണമായും നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്.
ആറടിയോളം നീളമുള്ള സ്രാവിനൊപ്പം കിടക്കുന്ന ചിത്രം ഉള്‍പ്പെടെ ഇവര്‍ പങ്കുവച്ചിരുന്നു. കൂടാതെ സ്രാവിന്റെ മാംസം പലതരത്തില്‍ പാചകം ചെയ്യുന്നതിന്റെയും രുചിയോടെ അത് കഴിക്കുന്നതിന്റെയും വീഡിയോയും ഇവര്‍ പങ്കുവച്ചു. വളരെ മൃദുലമായതും രുചികരവുമായ മാസമാണ് വെള്ള സ്രാവിന്റെതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തലഭാഗം സൂപ്പ് വെക്കുന്നതിന്റെയും മാംസ ഭാഗങ്ങള്‍ വിവിധതരത്തില്‍ ഗ്രില്‍ ചെയ്യുന്നതിന്റെയും വീഡിയോയാണ് ഇവര്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്.
ആലിബാബയുടെ താവോബാവോ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ നിന്ന് ബ്ലോഗര്‍ 7,700 യുവാന് (93,295 രൂപ) ആണ് അവര്‍ വെള്ള സ്രാവിനെ വാങ്ങിയതെന്നാണ് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിഷ്യൂ സ്‌ക്രാപ്പുകളിലെ ഡിഎന്‍എ പരിശോധന നടത്തിയാണ് വാങ്ങിയ സ്രാവ്, വെള്ള സ്രാവാണെന്ന് തിരിച്ചറിഞ്ഞത്. സ്രാവിനെ പിടിച്ച മത്സ്യത്തൊഴിലാളിയെയും വില്‍പ്പനയ്ക്ക് വെച്ച വ്യാപാരിയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.