താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നല്‍കിയില്ല ; കല്യാണത്തിന് ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫര്‍ പിണങ്ങി പോയ് ; അഡ്വാന്‍സ് നല്‍കിയ 62 ലക്ഷം ആവശ്യപ്പെട്ട് വധുവിന്റെ പിതാവ്

ഒരു കല്യാണത്തിന് ഫോട്ടോഗ്രാഫര്‍ക്ക് വധുവിന്റെ പിതാവ് നല്‍കിയത് 62 ലക്ഷം രൂപ. കാശ് വാങ്ങി എങ്കിലും കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോട്ടോഗ്രാഫര്‍ മുങ്ങി. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ആണ് സംഭവം. പണം വാങ്ങിയതിന് ശേഷം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ഫോട്ടോഗ്രാഫര്‍ വാക്ക് മാറുകയായിരുന്നു. അമിത് പട്ടേല്‍ എന്ന ഇന്‍ഡോ അമേരിക്കന്‍ ഡോക്ടറുടെ കുടുംബത്തിനാണ് മകളുടെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്.

പ്രശസ്ത വെഡിങ്ങ് ഫോട്ടോഗ്രാഫറായ ക്ലെയ്ന്‍ ഗെസെലിനെയായിരുന്നു പട്ടേലിന്റെ മകള്‍ അനുഷയുടെയും വരന്‍ അര്‍ജ്ജുന്‍ മേത്തയുടെയും വിവാഹദിന ചിത്രങ്ങള്‍ എടുക്കാന്‍ നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മാസങ്ങള്‍ മുന്‍പ് തന്നെ ക്ലെയ്ന്‍ ഗെസെലുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഏര്‍പ്പെടുകയും ഫീസ് ആയി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കുകയും ചെയ്തു. 76, 000 ഡോളറാണ് ഫീസ് ഇനത്തില്‍ നല്‍കിയത്. അതായത് ഇന്ത്യന്‍ രൂപയില്‍ 62 ലക്ഷത്തിലധികം വരും ഇത്. അത്യാഡംബരപൂര്‍വ്വമായ ഒരു വിവാഹാഘോഷം ആയിരുന്നു പട്ടേല്‍ തന്റെ മകള്‍ക്കും ഭാവി മരുമകനുമായി ഒരുക്കിയിരുന്നത്.

വിവാഹാഘോഷത്തിന്റെ പല സന്ദര്‍ഭങ്ങളിലായി 13 വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് വധൂവരന്മാര്‍ പങ്കെടുക്കുക. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 250 അതിഥികള്‍ മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. എല്ലാ ആഘോഷങ്ങള്‍ക്കും പുറമേ വോഗ് മാഗസിനില്‍ ഒരു പ്രത്യേക വെഡിങ് ഫോട്ടോ ഫീച്ചറും ഉള്‍പ്പെടെയാണ് അദ്ദേഹം വിവാഹാഘോഷങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, അവസാന നിമിഷം ഫോട്ടോഗ്രാഫര്‍ ഇടഞ്ഞതോടെ എല്ലാ പദ്ധതികളും പാളുകയായിരുന്നു.

വിവാഹാഘോഷങ്ങള്‍ക്കായി ബുക്ക് ചെയ്തിരുന്ന ആഡംബര ഹോട്ടലില്‍ നിന്നും അല്പം മാറി മറ്റൊരു ഹോട്ടലില്‍ ആയിരുന്നു ഫോട്ടോഗ്രാഫര്‍ക്കും അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ക്കും താമസ സൗകര്യം ഒരുക്കിയിരുന്നത്. തങ്ങള്‍ക്ക് അത്തരത്തില്‍ ഒരു താമസസൗകര്യം മതിയെന്ന് ഗെസെലും സമ്മതിച്ചിരുന്നു. എന്നാല്‍, വിവാഹ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ക്കും ലക്ഷ്വറി ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഫോട്ടോഗ്രാഫര്‍ എത്തുകയായിരുന്നു. അത് സാധ്യമാകാതെ വന്നതോടെ താന്‍ ഫോട്ടോ എടുക്കാന്‍ തയ്യാറല്ലെന്ന് അയാള്‍ പട്ടേല്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഒടുവില്‍ വിവാഹാഘോഷങ്ങള്‍ക്കായി അവസാനനിമിഷം മറ്റൊരു ഫോട്ടോഗ്രാഫറെ തേടി പോകേണ്ട അവസ്ഥയിലെത്തി പട്ടേല്‍ കുടുംബം. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നും ഉണ്ടായ വാക്ക് മാറ്റത്തെ തുടര്‍ന്നാണ് പട്ടേല്‍ ക്ലെയ്ന്‍ ഗെസെലിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചു കൂടാതെ താന്‍ നല്‍കിയ 62 ലക്ഷത്തോളം രൂപ ഗെസെല്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.