പ്രഥമ ദേശീയ ബീച്ച് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി കേരളം ; പഞ്ചാബിനെ തോല്‍പ്പിച്ചത് 13 ഗോളുകള്‍ക്ക്
പ്രഥമ ദേശീയ ബീച്ച് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കപ്പുയര്‍ത്തി കേരളം. ഫൈനലില്‍ പഞ്ചാബിനെ തോല്‍പ്പിച്ചത് പതിമൂന്ന് ഗോളുകള്‍ക്ക്. പഞ്ചാബ് നാലെണ്ണം തിരിച്ചടിച്ചു എങ്കിലും മത്സരത്തിന്റെ കടിഞ്ഞാണ്‍ കേരളത്തിന്റെ കയ്യിലായിരുന്നു. കേരള താരങ്ങളേക്കാള്‍ ഉയരവും ശാരീരികക്ഷമതയുമുള്ള പഞ്ചാബിനെതിരെ പാസിംഗ് ഗെയിമിലൂടെയാണ് ടീം കളം പിടിച്ചത്. കൂടാതെ പഞ്ചാബിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി ഈ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനോട് ആറിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയെങ്കിലും ആധികാരികമായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശം. ഗുജറാത്തിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടൂര്‍ണമെന്റ് ആരംഭിച്ച ടീം പിന്നീട് നടത്തിയത് ജൈത്രയാത്ര.
ഗ്രൂപ്പ് ഘട്ടത്തില്‍ രാജസ്ഥാനെതിരെ 19 ഗോളുകളും മധ്യ പ്രാദേശിനെതിരെ 17 ഗോളുകളും ടീം നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. ഇരു ടീമുകളും ചേര്‍ന്ന് 20 ഗോളുകള്‍ അടിച്ചുകൂട്ടിയ ആവേശ പൂര്‍ണമായ സെമി ഫൈനലില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത് ഒന്‍പതിനെതിരെ പതിനൊന്ന് ഗോളുകള്‍ക്കാണ് (9-11). ഇന്ത്യ ആദ്യമായാണ് ബീച്ച് ഫുട്‌ബോളിനായി ദേശീയ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിയിലും ദേശീയ ലീഗുകളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരളത്തില്‍ നിന്നുള്ള ടീമുകളുടെ നിരയിലേക്കാണ് ബീച്ച് സോക്കര്‍ ടീമും അണിനിരക്കുന്നത്. ദേശീയ തലത്തില്‍ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വിജയവും എഴുതിച്ചേര്‍ക്കപ്പെടും.