രാഷ്ട്രപതിയിലൂടെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു: ശശി തരൂര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍.
തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ വഴി നടത്തുകയാണെന്ന് ശശി തരൂര്‍ ആരോപിച്ചു. സര്‍ക്കാരിനെ സമ്പൂര്‍ണമായി പ്രകീര്‍ത്തിക്കുന്ന പ്രസംഗമായിരുന്നു രാഷ്ട്രപതി നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും പുകഴ്ത്താന്‍ ശ്രമിച്ചുള്ള സമ്പൂര്‍ണമായ ഒരു തിരഞ്ഞെടുപ്പ് പ്രസംഗമാണ് രാഷ്ട്രപതി നടത്തിയത്. സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോണ്‍ഗ്രസ് നയിച്ച യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ളതായിരുന്നു ദ്രൗപദി മുര്‍മുവിന്റെ പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാര്‍ലമെന്റില്‍ അവര്‍ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.
തുടര്‍ച്ചയായി രണ്ടുതവണ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളോട് അവര്‍ നന്ദിയറിയിച്ചു. നോട്ട് നിരോധനം, മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ കൈക്കൊണ്ട സമീപനം എന്നിവയെയെല്ലാം പ്രകീര്‍ത്തിച്ച് സംസാരിച്ചു.