ഭീതി ഒഴിഞ്ഞു ; ഓസ്‌ട്രേലിയയില്‍ കളഞ്ഞുപോയ ആണവ ക്യാപ്‌സ്യൂള്‍ കണ്ടെത്തി
ഒരു രാജ്യത്തിനെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ ഇടയാക്കി കാണാതായ ആണവ ഉപകരണം മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. 660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷം റോഡരികില്‍ നിന്നാണ് ഒരു ഗുളികയുടെ വലുപ്പമുള്ള റേഡിയോ ആക്ടീവ് ക്യാപ്സൂള്‍ കണ്ടെത്തിയത്. ‘ഇത് കണ്ടെത്തുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. ശരിക്കും വൈക്കോല്‍ കൂനയില്‍നിന്ന് സൂചി കണ്ടെത്തുന്ന പോലെ ദുഷ്‌ക്കരം, ഒടുവില്‍ കണ്ടെത്തി’ ഓസ്ട്രേലിയന്‍ അടിയന്തര സേവന വകുപ്പ് മന്ത്രി സ്റ്റീഫന്‍ ഡൗസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്‌സൂള്‍ കാണാതായത്.
ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഇത് കാണാതായത്. ഗുളികയുടെ വലുപ്പം മാത്രമുള്ള ഈ ക്യാംപ്‌സ്യൂള്‍ കണ്ടെത്താന്‍ വേണ്ടി ട്രക്ക് സഞ്ചരിച്ച 660ഓളം കിലോമീറ്ററില്‍ വ്യാപക തെരച്ചിലാണ് നടത്തിയത്. കാണാതായ ആണവ സാമഗ്രി കണ്ടെത്താന്‍ വേണ്ടി വലിയ സന്നാഹം തന്നെയാണ് ഓസ്‌ട്രേലിയന്‍ സൈന്യം ഒരുക്കിയത്. ഇതിനായി ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകളും എത്തിച്ചു. ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് തെരച്ചില്‍ നടത്തിയത്.
അതേസമയം ക്യാപ്‌സ്യൂള്‍ എങ്ങനെയാണ് ട്രക്കില്‍നിന്ന് പുറത്തേക്ക് പോയത് എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിശദീകരണം വന്നിട്ടില്ല. യാത്രയ്ക്കിടെ ട്രക്ക് കുലുങ്ങിയപ്പോള്‍ തെറിച്ചുപോയതാകാമെന്ന് കരുതുന്നു. ഈ ക്യാപ്‌സ്യൂള്‍ ആണവായുധം പോലെ അപകടകരമല്ലെങ്കിലും മുന്‍കരുതല്‍ ഇല്ലാതെ ഇതിന് സമീപത്ത് ഏറെ നേരം കഴിഞ്ഞാല്‍ തൊക്ക് രോഗവും ശരീരത്തില്‍ ഗുരുതരമായ ദഹന, പ്രതിരോധ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകും. ഏറെ സമയം ഇതുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ അത് ക്യാന്‍സറിന് കാരണമാകും. ഇതില്‍നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്സ്റേയ്ക്കു തുല്യമാണ്. ജനവാസ മേഖലയില്‍ അല്ല ക്യാപ്‌സൂള്‍ നഷ്ടമായത് അതുകൊണ്ടു തന്നെ പേടിക്കാന്‍ ഒന്നുമില്ല എന്നും അധികൃതര്‍ അറിയിച്ചു.